കോഴിക്കോട്: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് നിരുപാധികം വിട്ടയക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ ജയിലിൽ ഗ്രോ വാസുവിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 ൽ നിലമ്പൂർ ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ഗ്രോ വാസു അറസ്റ്റ് ചെയ്യപ്പെട്ടത്. കുറ്റസമ്മതം നടത്താനും ജാമ്യരേഖകളിൽ ഒപ്പു വെക്കാനും തയാറാകാതിരുന്നത് ഭരണകൂടത്തോടുള്ള പ്രതിഷേധമാണെന്ന് അന്നു തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ പൗരന്റെ ജനാധിപത്യാവകാശമായും സാമൂഹ്യ ബാധ്യതയായും ഉൾക്കൊള്ളാൻ ഒരു ജനാധിപത്യ ഭരണകൂടത്തിന് സാധിക്കണം. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ജനാധിപത്യത്തിനു നിരക്കാത്തതും കടുത്ത കുറ്റകൃത്യവുമാണ്. അതിനെ ചോദ്യം ചെയ്യുന്നവരെ തുറുങ്കിലടക്കുന്നതിനു പകരം തെറ്റുകൾ സമ്മതിച്ച് സ്വയം തിരുത്താനാണ് കേരള സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാലാഴി , കോർപറേഷൻ പ്രസിഡണ്ട് സജീർ പന്നിയങ്കര , നാസർ വേങ്ങര എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.