കോഴിക്കോട്: ബി.ജെ.പിയിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിന് പിന്നിൽ അഭിപ്രായവ്യത്യാസങ്ങളും ഗ്രൂപ്പ് പോരുകളും. മൂന്നുവട്ടം കോർ കമ്മിറ്റിയും ഒരു തവണ തെരഞ്ഞെടുപ്പ് സമിതിയും ചേർന്നിട്ടും അന്തിമപട്ടികക്ക് രൂപംനൽകാനായിട്ടില്ല. ബി.ഡി.ജെ.എസിന് എത്രസീറ്റ് നൽകണമെന്നതും തർക്കത്തിലാണ്. കഴിഞ്ഞ തവണത്തെയത്ര സീറ്റ് ബി.ഡി.െജ.എസിന് നൽകില്ല. കോഴിക്കോട് ജില്ലയിൽ മൂന്ന് സീറ്റിൽ നിന്ന് ബി.ഡി.ജെ.എസ് ഒന്നിലേക്ക് ഒതുങ്ങും.
പാർട്ടിയിൽ ഒരു വർഷത്തെ ഇടവേളക്കുശേഷം വിജയയാത്രയിൽ സജീവമായി പങ്കെടുത്ത ശോഭ സുരേന്ദ്രനെ വീണ്ടും ഒതുക്കാനുള്ള ശ്രമമവും പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയാവുകയാണ്. തെരഞ്ഞെടുപ്പ് സമിതിയിലുൾപ്പെടുത്താത്ത ശോഭയെ കഴിഞ്ഞ ദിവസം വിജയയാത്രയുടെ സമാപന ദിനം പ്രസംഗിക്കാനും അനുവദിച്ചിരുന്നില്ല. അമിത് ഷായുടെ സാന്നിധ്യത്തിൽ പ്രസംഗിക്കാനുള്ളവരുടെ പട്ടികയിൽ ശോഭയുടെ പേരുമുണ്ടായിരുന്നു. ഒരുമിച്ച് നീങ്ങണമെന്ന കേന്ദ്രനിർദേശം ഔദ്യോഗിക പക്ഷത്തിെൻറ നിർദേശം സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും ചെവിക്കൊള്ളുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
വർഷങ്ങളായി പ്രവർത്തിക്കുന്നവരെ മാറ്റിനിർത്തി അടുത്തിടെ പാർട്ടിയിൽ ചേർന്നവർക്ക് അമിത പ്രാധാന്യം നൽകുന്നതും എതിർപ്പിന് കാരണമായിട്ടുണ്ട്. സീറ്റു മാത്രം മോഹിച്ച് കോൺഗ്രസ് വിട്ട കെ. പ്രതാപനെ അടൂരിൽ സ്ഥാനാർഥിയാക്കുന്നതിൽ കാര്യമായ എതിർപ്പുണ്ട്. പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, സംസ്ഥാന നേതാവ് പി.എം. വേലായുധന്, പി. സുധീര്‍ എന്നിവരെ തള്ളിമാറ്റിയാണ് പ്രതാപനുവേണ്ടി ചരട്വലി നടക്കുന്നത്.
ഇ. ശ്രീധരൻ, ജേക്കബ് തോമസ്, ടി.പി. സെൻകുമാർ തുടങ്ങിയ അടുത്തകാലത്ത് ചേക്കേറിയവർക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങൾ നൽകുന്നുണ്ട്. എ പ്ലസ് വിഭാഗത്തിലുള്ള മണ്ഡലങ്ങൾ കോർ കമ്മിറ്റി അംഗങ്ങൾക്ക് വീതം വെക്കും. ബാക്കിയുള്ള സീറ്റുകളിൽ ഔദ്യോഗിക പക്ഷത്തിന് താൽപര്യമില്ലാത്ത ചിലരും മത്സരിച്ചേക്കും.
ചില നേതാക്കളെ ഒഴിവാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കൃഷ്ണദാസ് പക്ഷം ചില സ്ഥാനാർഥികൾക്കായി കടുംപിടിത്തം നടത്തുകയാണ്.
ഇരുമുന്നണികളുടെ പ്രഖ്യാപിച്ചശേഷം ബി.ജെ.പി സ്ഥാനാർഥികളെ രംഗത്തിറക്കിയുള്ള പ്രേത്യക തന്ത്രമാണെന്നാണ് പട്ടിക വൈകുന്നതിനെക്കുറിച്ചുള്ള പാർട്ടിയുടെ ഭാഷ്യം. വ്യാഴാഴ്ച അന്തിമ പട്ടിക പുറത്തുവരുന്നതോടെ പ്രതിഷേധങ്ങൾക്കും സാധ്യതയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.