തൃശൂർ: ധനവകുപ്പിന്‍റെ എതിർപ്പുമൂലം സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് (ജി.എസ്.ടി) പുനഃസംഘടന വൈകുന്നത് ഖജനാവിലേക്ക് നികുതിപ്പണം എത്തുന്നതിന് തടസ്സമാവുന്നു. നികുതി പിരിക്കാൻ ആവശ്യമായ 24 ഡെപ്യൂട്ടി കമീഷണർ (ഡി.സി), 400 അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ (എ.എസ്.ടി.ഒ) തസ്തികകൾ സൃഷ്ടിക്കണമെന്ന വകുപ്പിന്‍റെ നിർദേശം ധനവകുപ്പിന്‍റെ എതിർപ്പുകാരണം ചുവപ്പുനാടയിലാണ്. പുതിയ തസ്തികൾ സൃഷ്ടിക്കുന്നതോടെ നാലുകോടിയുടെ അധിക ബാധ്യത വരുമെന്നാണ് ധനവകുപ്പ് പറയുന്നത്.
2017ൽ ജി.എസ്.ടി നടപ്പാക്കിയശേഷം ചെക്ക്പോസ്റ്റുകൾ നിർത്തലാക്കിയതിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന തസ്തികൾ മറ്റു ഓഫിസുകളിലേക്കും സ്ക്വാഡിലേക്കും മാറ്റിയിരുന്നു. നിലവിൽ സംസ്ഥാനത്ത് മിക്ക നികുതി നിർണയ ഓഫിസുകളിലും ഒന്നിലധികം എ.എസ്.ടി.ഒ തസ്തികളാണുള്ളത്. തെക്കൻ ജില്ലകളിൽ ഇന്‍റലിജൻസ് സ്ക്വാഡുകളിൽ ആറുമുതൽ ഒമ്പതുവരെ എ.എസ്.ടി.ഒമാരും വടക്കൻ ജില്ലകളിലെ സ്ക്വാഡുകളിൽ മൂന്നുവീതം പേരുമാണ് ജോലിചെയ്യുന്നത്. വാറ്റിൽനിന്ന് 2017-2018ൽ ജി.എസ്.ടിയിലേക്ക് ചുവടുമാറിയ സന്ദർഭത്തിൽ രജിസ്റ്റർ ചെയ്ത നികുതി ദായകരുടെ എണ്ണം പകുതിയായി കുറഞ്ഞിരുന്നു. നേരത്തേ ഉണ്ടായിരുന്ന വാറ്റ് ഫയലുകളുടെ പരിശോധനയുടെ കാലാവധി ഈ വർഷത്തോടെ അവസാനിക്കുന്നതോടെ നിലവിലുള്ള ജീവനക്കാരെ കൊണ്ടുതന്നെ ഓഡിറ്റ് വിങ്ങുമായി മുന്നോട്ടുപോകാനാവുമെന്നാണ് ധനകാര്യ വകുപ്പിന്‍റെ പ്രതീക്ഷ. പുതുതായി രൂപവത്കരിക്കുന്ന ഓഡിറ്റ് വിങ്ങിലേക്ക് നിലവിലുള്ള ജീവനക്കാരെ പുനർവിന്യസിച്ച് തുടങ്ങാമായിരുന്നു. പുതിയ തസ്തികൾ സൃഷ്ടിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തിൽ കുരുങ്ങി ഇത് വൈകിക്കുന്നത് നികുതി വരവിനെ ബാധിക്കുന്നുണ്ട്. അതിനിടെ മാർച്ച് ഒന്നുമുതൽ തടസ്സപ്പെട്ട 2017-18 സാമ്പത്തികവർഷത്തെ നികുതി നിർണയ നടപടികൾ ഇതുവരെ പുനഃസ്ഥാപിക്കാനുമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.