തിരുവനന്തപുരം: പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിൽനിന്ന് കേന്ദ്രസർക്കാർ വെട്ടിയ ഗുജറാത്ത് കലാപവും മുഗൾ ചരിത്രവും കേരളം പഠിപ്പിക്കും. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി വിദ്യാർഥികൾ ഉള്ളടക്കഭാരം നേരിടുന്നെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുസ്തകങ്ങളിൽനിന്ന് കേന്ദ്രസർക്കാറിന് കീഴിലുള്ള നാഷനൽ കൗൺസിൽ ഫോർ എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) പാഠഭാഗങ്ങൾ ഒഴിവാക്കിയത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ സംസ്ഥാന സിലബസിലും എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. നേരത്തേ എൻ.സി.ഇ.ആർ.ടി ചില പാഠഭാഗങ്ങൾ ഒഴിവാക്കിയത് വിവാദമായിരുന്നു. പിന്നാലെയാണ് എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കണമോ എന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി പരിശോധന നടത്തിയത്.
പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകമായ 'ഇന്ത്യൻ രാഷ്ട്രീയം സ്വാതന്ത്ര്യലബ്ധി മുതൽ' എന്നതിലെ 'ഗുജറാത്ത് കലാപം' പാഠഭാഗം എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയിരുന്നു. കേരളത്തിലെ സ്കൂളുകളിൽ ഈ പാഠഭാഗം പഠിപ്പിക്കണമെന്നാണ് എസ്.സി.ഇ.ആർ.ടി വിദ്യാഭ്യാസ വകുപ്പിന് നൽകിയ ശിപാർശ. പ്ലസ് ടു ക്ലാസിലെ 'ഇന്ത്യ ചരിത്രത്തിലെ പ്രമേയങ്ങൾ' എന്ന ചരിത്ര പാഠപുസ്തകത്തിലെ 'രാജാക്കന്മാരും ദിനവൃത്താന്തങ്ങളും -മുഗൾ രാജസഭകൾ' എന്ന പാഠഭാഗവും എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയിരുന്നു. ഇത് തുടർന്നും പഠിപ്പിക്കാനാണ് എസ്.സി.ഇ.ആർ.ടി ശിപാർശ. ഗോദ്ര സംഭവത്തോടെ ഗുജറാത്തിൽ ആരംഭിച്ച് പിന്നീട് രണ്ട് മാസത്തോളം നടന്ന ദാരുണസംഭവങ്ങൾ രാഷ്ട്രത്തെ ദുഃഖത്തിലാഴ്ത്തിയെന്നും ജനങ്ങളുടെ ജീവനും സ്വാതന്ത്ര്യവും അന്തസ്സും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും വിമർശിക്കുന്ന ദേശീയ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ടിന്‍റെ ഭാഗം ഉൾപ്പെടെയാണ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ ചിത്രങ്ങൾ ഉൾപ്പെടെ പുസ്തകത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.