തിരുവനന്തപുരം: ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 200 കടന്നു. യു.എ.ഇയിൽ മാത്രം 92 മലയാളികളും സൗദിയിൽ 58 പേരും ഖത്തറിൽ ആറുപേരും മരിച്ചു. തൃശൂർ ഒരുമനയൂർ തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ മരിച്ചതോടെ കോവിഡ് ബാധിച്ച് ഒമാനിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
ഏപ്രിൽ ഒന്നിന് യു.എ.ഇയിലാണ് ഗൾഫിൽ ആദ്യമായി മലയാളി കോവിഡ് ബാധിച്ച് മരിച്ചത്.
തിങ്കളാഴ്ച മാത്രം നാലു മലയാളികൾ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചത്. യുവാക്കളും മധ്യവയസ്കരുമാണ് മരിച്ചവരിൽ അധികവും.
കൂടാതെ മാനസിക പ്രയാസംമൂലം വിദേശത്ത് മരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ഹൃദയ സ്തംഭനമാണ് മിക്കവരുടെയും മരണകാരണം. കഴിഞ്ഞ ദിവസം ലോക്ഡൗണിൽ കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാനായി നിയമപോരാട്ടം നടത്തിയ നിധിൻ ഷാർജയിൽ മരിച്ചിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് 29കാരൻെറ മരണത്തിനിടയാക്കിയത്.
ലക്ഷക്കണക്കിന് മലയാളികൾ താമസിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ മലയാളികളുടെ മരണസംഖ്യ ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. വിദേശത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് ഒരുനോക്ക് കാണാൻ പോലുമാകാതെ സംസ്കരിക്കുന്നതും വേദനയാകുന്നു.
കോവിഡ് ഏറ്റവും കൂടുതൽ നാശം വിതക്കുന്ന അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങൾക്കിടയിലും മലയാളികൾക്കിടയിൽ മരണസംഖ്യ ഉയരുന്നുണ്ട്്. 50ഓളം മലയാളികൾ അമേരിക്കയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.