തൃശൂരിൽനിന്ന് രാവിലെ 5.50ന് പുറപ്പെടുന്ന ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് ട്രെയിൻ പരിഷ്കരിച്ച് മധുരൈ വരെ നീട്ടിയതോടെ രാവിലെ തെക്കുഭാഗത്തേക്ക് നിത്യേന യാത്രചെയ്യുന്നവരുടെ കഷ്ടകാലം ആരംഭിച്ചു. കാലുകുത്താൻ ഇടമില്ലാതെ വാഗൺ ട്രാജഡിക്ക് സമാനമായാണ് ദിവസവും യാത്ര. രാവിലെ 6.12ന് തൃശൂരിൽ എത്തുന്ന ഗുരുവായൂർ-മധുരൈ (ട്രെയിൻ നമ്പർ-16328) എക്സ്പ്രസ് ട്രെയിൻ എറണാകുളത്തേക്കും മറ്റും ജോലിയാവശ്യത്തിനായി പോകുന്നവരുടെ പ്രധാന ആശ്രയമാണ്.
നേരത്തേ പുനലൂർ വരെ സർവിസ് നടത്തിയിരുന്നപ്പോഴും തിരക്കേറെയായിരുന്നു. ഈയടുത്താണ് ട്രെയിൻ മധുരൈ വരെ നീട്ടിയത്. ഇതോടെ 18 കോച്ചുകളുണ്ടായിരുന്നത് 14 കോച്ചുകളായി ചുരുങ്ങി. കൊല്ലം-ചെങ്കോട്ട പാതയിൽ 18 കോച്ചുകൾ ഓടിക്കാൻ അനുമതിയില്ലാത്തതാണ് നാല് കോച്ചുകൾ വെട്ടിക്കുറക്കാൻ കാരണം. ഇങ്ങനെ വെട്ടിക്കുറച്ചതു കൂടാതെ മൂന്ന് കോച്ചുകൾ റിസർവേഷനാക്കി. ഇതോടെ നിത്യയാത്രികരായ നൂറുകണക്കിന് ആളുകൾക്ക് യാത്രചെയ്യാനുള്ള കോച്ചുകളുടെ എണ്ണം ചുരുങ്ങി.
തൃശൂരിൽനിന്ന് എടുക്കുമ്പോഴേക്കും കാലുകുത്താൻ ഇടമില്ലാത്തവിധമാകും തിരക്ക്. ഇരിങ്ങാലക്കുടയും ചാലക്കുടിയും എത്തുന്നതോടെ വീർപ്പുമുട്ടുന്ന അവസ്ഥയാകും. പലപ്പോഴും യാത്രക്കാർക്ക് കയറാൻ കഴിയാത്ത സ്ഥിതിയാണ്. തൃശൂരിൽ പുലർച്ച 4.20ന് എത്തിയിരുന്ന ഷൊർണൂർ-എറണാകുളം മെമു (06017) യാത്രക്കാരില്ലാതെ കാലിയായാണ് മിക്കപ്പോഴും സർവിസ് നടത്തിയിരുന്നത്. മധുരൈ ട്രെയിൻ നീട്ടിയതോടെ ഈ ട്രെയിനിന്റെ സമയം പരിഷ്കരിക്കണമെന്ന നിരന്തര ആവശ്യത്തെ തുടർന്ന് ഇപ്പോൾ ഒരു മണിക്കൂർ നീട്ടി 5.20ന് തൃശൂരിലെത്തുന്ന രീതിയിലാക്കിയിട്ടുണ്ട്. ഇതോടെ യാത്രാക്ലേശത്തിന് ചെറിയൊരു പരിഹാരമായി. ചെങ്കോട്ട പാതയിൽ സേഫ്റ്റി കമീഷണർ എത്രയും വേഗം പരിശോധന നടത്തി 18 കോച്ചുകൾ ഓടിക്കാനുള്ള അനുമതി നൽകുകയാണ് തിരക്ക് കുറക്കാനുള്ള പോംവഴി. യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഇതിനായി കത്ത് നൽകിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
വേണം, ‘അമൃത’ക്ക് സമയനിഷ്ഠ
വൈകീട്ട് 4.10ന് മധുരയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അമൃത എക്സ്പ്രസ് 7.50നാണ് പാലക്കാട് ടൗണിൽ എത്തേണ്ടത്. 7.55ന് പാലക്കാട് ടൗണിൽനിന്ന് പുറപ്പെട്ട് പാലക്കാട് ജങ്ഷനിൽ എത്തുന്ന ട്രെയിൻ, എൻജിൻ ദിശ മാറ്റി ഘടിപ്പിച്ചശേഷം 8.55നാണ് പാലക്കാട് ജങ്ഷനിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടേണ്ടത്. കോവിഡിന് മുമ്പുവരെ രാത്രി 8.30നാണ് പാലക്കാട്ടുനിന്ന് പുറപ്പെട്ടത്.
കോവിഡിന് ശേഷം പുനരാരംഭിച്ച ട്രെയിൻ രാത്രി 9.30നാണ് പാലക്കാട്ടുനിന്ന് പുറപ്പെട്ടിരുന്നത്. എന്നാൽ, പൊള്ളാച്ചി-പാലക്കാട് ലൈൻ വൈദ്യുതീകരിച്ചതിനെ തുടർന്ന് ട്രെയിനുകളുടെ വേഗം വർധിപ്പിച്ചതിനാൽ പാലക്കാട്ടുനിന്ന് 30 മിനിറ്റ് നേരത്തെയാക്കി. പിന്നീട് അതിലും മാറ്റം വരുത്തി 8.55ന് സമയം ക്രമീകരിച്ചു. എന്നാൽ, പലപ്പോഴും അമൃത പാലക്കാട്ടുനിന്ന് പുറപ്പെടുന്നത് രാത്രി 9.30ന് ശേഷമാണ്. പലയിടത്തും ട്രെയിൻ പിടിച്ചിടുന്നതിനാൽ അടുത്ത സ്റ്റേഷനിൽ ഇറങ്ങേണ്ട യാത്രക്കാരാണ് ദുരിതത്തിലാവുന്നത്. പാലക്കാട് നഗരത്തിലെ പല സ്ഥാപനങ്ങളിലെയും കഞ്ചിക്കോട് വ്യാവസായിക മേഖലയിലെ നിരവധി ജോലിക്കാരും ഈ ട്രെയിനിനെ ആശ്രയിക്കാറുണ്ട്. എന്നാൽ, സമയനിഷ്ഠ ഇല്ലാത്തതിനാൽ നേരത്തെയിറങ്ങി സ്റ്റേഷനിലും ട്രെയിനിലും കാത്തുകെട്ടിക്കിടക്കേണ്ട ഗതികേടിലാണ്.
തൃശൂർ-കോഴിക്കോട് എക്സ്പ്രസ് റദ്ദാക്കിയത് ഇരുട്ടടി
വടക്കുഭാഗത്തുനിന്ന് തൃശൂരിലേക്ക് ജോലിക്കെത്തി തിരിച്ചുപോകേണ്ടവരുടെ ആശ്രയമായിരുന്നു തൃശൂർ-കോഴിക്കോട് എക്സ്പ്രസ് ട്രെയിൻ. വൈകീട്ട് അഞ്ചിന് തൃശൂരിൽനിന്ന് എടുത്തിരുന്ന ട്രെയിൻ റദ്ദാക്കി. ഈ ട്രെയിൻ ഇപ്പോൾ 5.35ന് തൃശൂരിൽനിന്നെടുത്ത് ഷൊർണൂരിൽ സർവിസ് അവസാനിപ്പിക്കും.
ഷൊർണൂരിനപ്പുറത്തുനിന്ന് ജോലിക്കെത്തി മടങ്ങേണ്ടവർക്കും മറ്റു യാത്രക്കാർക്കും ഇത് ഇരുട്ടടിയായി. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവാണ് പിന്നീടുള്ള ആശ്രയം. ഈ ട്രെയിനിന്റെ സമയം പരിഷ്കരിച്ചതോടെ തൃശൂർ സ്റ്റേഷനിൽനിന്ന് എടുക്കുന്ന സമയം വൈകീട്ട് ഏഴായി. ചുരുക്കത്തിൽ അഞ്ചിന് ഓഫിസിൽനിന്നിറങ്ങുന്ന വടക്കുഭാഗത്തേക്കുള്ള യാത്രക്കാർക്ക് ട്രെയിൻ കിട്ടാൻ ഏഴുവരെ കാത്തുനിൽക്കണം. കോഴിക്കോട് എക്സ്പ്രസ് റദ്ദാക്കിയതോടെ എക്സിക്യൂട്ടിവിൽ കാലുകുത്താൻ ഇടമില്ലാത്തവിധം തിരക്കാണിപ്പോൾ.
പാലക്കാട്ടുനിന്ന് വൈകീട്ട് പാസഞ്ചറില്ല
പാലക്കാട്ടുനിന്ന് ഷൊർണൂർ, തൃശൂർ എന്നിവിടങ്ങളിലേക്ക് വൈകീട്ട് പാസഞ്ചർ ട്രെയിനുകളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വൈകീട്ട് 5.55ന് പാലക്കാട്ടെത്തുന്ന കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ കഴിഞ്ഞാൽ രാത്രി 10.55ന് പാലക്കാട്ടെത്തുന്ന ചെന്നൈ-മാംഗ്ലൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസാണ് യാത്രക്കാർക്ക് ഏക ആശ്രയം. ചെന്നൈയിൽനിന്ന് വരുന്ന ട്രെയിൻ ആയതിനാൽ പലപ്പോഴും ജനറൽ കോച്ചുകളിൽ വലിയ തിരക്കാണ്. സൂപ്പർ ഫാസ്റ്റ് ആയതിനാൽ പാലക്കാട് കഴിഞ്ഞാൽ ഒറ്റപ്പാലത്തും ഷൊർണൂരും മാത്രമാണ് സ്റ്റോപ്പുള്ളത്. വൈകീട്ട് 4.05ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് കഴിഞ്ഞാൽ രാത്രി ഒമ്പതിന് പുറപ്പെടുന്ന അമൃത എക്സ്പ്രസ് മാത്രമാണ് തൃശൂരിലേക്കുള്ള യാത്രക്കാർക്ക് ഏക ആശ്രയം.
വൈകീട്ട് ആറിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന പാലക്കാട് ടൗൺ മെമു തൃശൂരിലേക്കും വൈകീട്ട് 7.40ന് പാലക്കാട്ടെത്തുന്ന തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്സ്പ്രസ് ഷൊർണൂരിലേക്കും നീട്ടണമെന്ന യാത്രക്കാരുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പാസഞ്ചർ ട്രെയിനുകളായതിനാൽ പറളി, മങ്കര, ലെക്കിടി, ഒറ്റപ്പാലം, മാന്നനൂർ സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിക്കാനും കഴിയും. ജില്ലയിലെ ജനപ്രതിനിധികളും ഈക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന പരാതിയുണ്ട്. ഡിവിഷൻ ആസ്ഥാനം പാലക്കാട് പ്രവർത്തിച്ചിട്ടും ഇവിടെനിന്ന് വൈകീട്ട് പടിഞ്ഞാറൻ മേഖലകളിലേക്ക് ട്രെയിനുകളില്ലാത്തതിനാൽ നിരവധി യാത്രക്കാരാണ് വലയുന്നത്. കഞ്ചിക്കോട്, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ എന്നിവിടങ്ങളിലെ വ്യവസായിക മേഖലയിൽ ജോലി ചെയ്യുന്നവർക്കും മറ്റു ചെറുകിട കച്ചവടക്കാർക്കും യാത്രാദുരിതം ഒഴിവാക്കാൻ വൈകീട്ട് ട്രെയിൻ ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ റെയിൽവേക്ക് നൽകിയിട്ടും അധികൃതർ അവഗണിക്കുകയാണ്.
ഹാൾട്ട് സ്റ്റേഷനുകൾ വിജനം
നേരത്തേ പാസഞ്ചർ ട്രെയിനുകളെ ആശ്രയിച്ച് നിരവധി യാത്രക്കാർ വന്നുംപോയുമിരുന്ന ഹാൾട്ട് സ്റ്റേഷനുകൾ നിലവിൽ വിജനമായ സ്ഥിതിയാണ്. ഇവിടങ്ങളിൽനിന്ന് വർഷങ്ങളായി യാത്രചെയ്തിരുന്ന പലർക്കും ട്രെയിനുകൾ എക്സ്പ്രസാക്കിയത് ദുരിതമായി. നിലവിൽ മെമു ഒഴികെ ഒരു ട്രെയിനും ഇവിടങ്ങളിൽ നിർത്തുന്നില്ല. മാത്രമല്ല, ഇരിങ്ങാലക്കുട പോലെ ചില പ്രധാന സ്റ്റേഷനുകളിൽ രാത്രി ചില ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ദീർഘദൂര ട്രെയിനുകൾ ഓടിക്കാൻ മൂന്നും നാലും ട്രാക്കുകൾ കൊണ്ടുവരുകയും കൂടുതൽ മെമു ട്രെയിനുകൾ ഓടിക്കുകയും ചെയ്തെങ്കിൽ മാത്രമേ സ്ഥിരയാത്രക്കാരുടെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ കഴിയൂവെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.