കരിപ്പൂർ: കോവിഡ് പശ്ചാത്തലത്തിൽ കർശന മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി 2021ലെ ഹജ്ജിന് അപേക്ഷ സ്വീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട് സൗദി അറേബ്യ മാർഗനിർദേശങ്ങൾ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഇതുകൂടി പരിഗണിച്ചാകും അന്തിമനടപടികൾ. 18നും 65 വയസ്സിനും ഇടയിലുള്ളവർ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കുട്ടികളെ അനുവദിക്കില്ല. 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിലും 65 വയസ്സാണ് പ്രായപരിധി. ഒരുകവറിൽ പരമാവധി മൂന്ന് പേർക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. പൂര്‍ണമായും ഓൺലൈൻ വഴി അപേക്ഷിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in വെബ്സൈറ്റിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ www.keralahajcommittee.org വെബ്സൈറ്റിലും അപേക്ഷസൗകര്യം ലഭ്യമാണ്.
ഡിസംബർ പത്തുവരെയാണ് സമർപ്പിക്കാനുള്ള സമയം. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ അപേക്ഷയും ഒറിജിനല്‍ പാസ്പോര്‍ട്ടും അഡ്വാന്‍സ് തുകയടച്ച രശീതി, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് രണ്ടാം ഘട്ടത്തില്‍ സമര്‍പ്പിക്കണം. എൻ.ആർ.ഐ അപേക്ഷകർക്ക് പ്രത്യേക പരിഗണനയുണ്ടാകില്ല. അപേക്ഷകര്‍ക്ക് 10-01-2022 വരെ കാലാവധിയുള്ളതും 10-12-2020നുള്ളില്‍ ഇഷ്യൂ ചെയ്തതുമായ മെഷീന് റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടാകണമെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ഹജ്ജ് തീർഥാടകരുടെ എണ്ണം കുറയുന്നതിനാൽ അടുത്തതവണ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളും കേന്ദ്രം കുറച്ചിട്ടുണ്ട്. 21ന് പകരം പത്ത് പുറപ്പെടൽ കേന്ദ്രമാണ് അടുത്ത തവണയുള്ളത്. കേരളം, തമിഴ്നാട്, ലക്ഷദ്വീപ്, മാഹി, അന്തമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കൊച്ചിയാണ് പുറപ്പെടൽ കേന്ദ്രം.
ഡൽഹി, ബംഗളൂരു, അഹമ്മദാബാദ്, ലഖ്നൗ, കൊൽക്കത്ത, ഗുവാഹത്തി, ഹൈദരാബാദ്, മുംബൈ, ശ്രീനഗർ എന്നിവയാണ് മറ്റ് പുറപ്പെടൽ കേന്ദ്രങ്ങൾ. ബംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും മാത്രമാണ് അതത് സംസ്ഥാനത്തുള്ളവർ പുറപ്പെടുക. ബാക്കിയുള്ള കേന്ദ്രങ്ങളിൽ നിന്നെല്ലാം ഒന്നിലധികം സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരുണ്ടാകും.
അതേസമയം, കേരളത്തിലെ പുറപ്പെടൽ കേന്ദ്രം കൊച്ചിക്ക് പകരം കോഴിക്കോട് വിമാനത്താവളത്തെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. കരിപ്പൂരിലാണ് നിലവിൽ ഹജ്ജ് ഹൗസ് അടക്കമുള്ള എല്ലാ സൗകര്യമുള്ളത്. കൂടാതെ, കൂടുതൽ തീർഥാടകരും മലബാർ മേഖലയിലാണ്. ഇക്കാര്യമെല്ലാം പരിഗണിച്ച് കരിപ്പൂരിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
കോവിഡ് പശ്ചാത്തലത്തിൽ കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതോടെ ഹജ്ജിന് ചെലവേറും. 3.70 ലക്ഷം മുതൽ 5.25 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന ചെലവായി മാർഗനിർദേശങ്ങളിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി രേഖപ്പെടുത്തിയിരിക്കുന്നത്. െതരഞ്ഞെടുക്കുന്ന ഹാജിമാരുടെ ഒന്നാം ഗഡു അടക്കേണ്ട സംഖ്യ 1,50,000 ആയിരിക്കും.
മുമ്പ് 81,000 ആയിരുന്നു. 2020ൽ യാത്രചെലവ് രണ്ടര മുതൽ മൂന്നര ലക്ഷം വരെയായിരുന്നു. 2019ൽ 2.48 മുതൽ 3.22 ലക്ഷം വരെയും. സാമൂഹിക അകലം ഉൾപ്പെടെ കർശനമായി പാലിക്കേണ്ടി വരുന്നതിനാലാണ് ചെലവ് വർധിക്കുന്നത്. താമസനിരക്കിൽ 2.25 മടങ്ങും സൗദിയിലെ യാത്രനിരക്കിൽ മൂന്ന് മടങ്ങുമാണ് വർധന. ഒരു ബസിൽ നേരത്തേ 45 പേർ സഞ്ചരിച്ചിരുന്നത് 15 ആയി ചുരുക്കി. വാറ്റ് അഞ്ച് ശതമാനത്തിൽനിന്ന് 15 ആയും സൗദി വർധിപ്പിച്ചിട്ടുണ്ട്. വിസനിരക്ക് എന്ന ഇനത്തിൽ 300 റിയാലും ഈടാക്കും. നേരത്തേ, വിസനിരക്ക് ഉണ്ടായിരുന്നില്ല.
ഹജ്ജ് യാത്ര പുറപ്പെടുന്നതിന് മുമ്പും ഇന്ത്യയിലേക്ക് മടങ്ങുേമ്പാഴും ആർ.ടി.പി.സി.ആർ പരിശോധനയുടെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ യാത്ര അനുമതി ലഭിക്കുകയുള്ളൂ.
ഇന്ത്യ, സൗദി അറേബ്യൻ ഭരണകൂടങ്ങളുടെ ക്വാറൻറീൻ മാനദണ്ഡങ്ങൾ പാലിക്കണം. ഇത്തവണ ഹജ്ജ് യാത്രയുടെ ദിവസങ്ങളും കുറച്ചിട്ടുണ്ട്. 30 മുതൽ 35 ദിവസം വരെയായാണ് പരിമിതപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.