കൊണ്ടോട്ടി: പുതിയ ഹജ്ജ് നയത്തെ തുടർന്ന് 2018ലെ ഹജ്ജിന് നേരിട്ട് അവസരം നഷ്ടമായ അഞ്ചാംവർഷ അപേക്ഷകർ കരിപ്പൂർ ഹജ്ജ് ഹൗസിൽ സംഗമിച്ചു. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണ് ഒത്തുകൂടിയത്. കഴിഞ്ഞ നാല് വർഷവും അപേക്ഷ നൽകി ഇക്കുറി ഹജ്ജിന് പോകാമെന്ന പ്രതീക്ഷയുമായി കാത്തിരുന്ന നൂറുകണക്കിന് പേരാണ് ആശങ്കകൾ പങ്കുവെക്കാനും തുടർനടപടികൾ ആലോചിക്കാനുമായി സംഗമിച്ചത്.
വിഷയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, ഇൗ കേസിൽ കക്ഷിചേരുന്നതിന് പകരം അഞ്ചാംവർഷ അപേക്ഷകരുടെ വിഷയം മാത്രം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കാനാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. മറ്റ് ജില്ലകളിലെ അപേക്ഷകരുമായി കൂടിയാലോചിച്ച് പ്രത്യേകസമിതി രൂപവത്കരിച്ച ശേഷമാണ് തുടർനടപടികൾ സ്വീകരിക്കുക.
പ്രധാനമായും അഞ്ചാംവർഷ അപേക്ഷകരെ പരിഗണിക്കുക, കരിപ്പൂർ വിമാനത്താവളം എംബാർക്കേഷൻ പോയൻറായി നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര സർക്കാറിനെതിരെ കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ഇൗ കേസിൽ കക്ഷിചേർന്നാൽ മതിയെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നെങ്കിലും പ്രത്യേകമായി നൽകുന്നതാണ് ഉത്തമമെന്ന നിർദേശം ഉയർന്നു. തുടർന്നാണ് ഇൗ വിഷയം മാത്രം ഉന്നയിച്ച് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
സംഗമം ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവരുടെ സംഗമം രാവിലെ കോഴിക്കോട് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഒാഡിറ്റോറിയത്തിൽ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.