കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട തീർഥാടകരുടെ യാത്രനിരക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചു. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിൽ കുറഞ്ഞ നിരക്ക് കോഴിക്കോട് വിമാനത്താവളം വഴി പുറപ്പെടുന്നവർക്കാണ്. കൂടുതൽ കണ്ണൂർ വഴി പുറപ്പെടുന്നവർക്കും. ഇതിനകം ആദ്യ രണ്ട് ഗഡുവായ 2,51,800 രൂപ അടച്ച തീർഥാടകർ അവസാന ഗഡു മേയ് 15നകം അടക്കണം.
കരിപ്പൂർ പുറപ്പെടൽ കേന്ദ്രമായി തെരഞ്ഞെടുത്തവർ 1,01,513 രൂപ, കൊച്ചി തെരഞ്ഞെടുത്തവർ 1,02,167, കണ്ണൂർ 1,03,706 രൂപയുമാണ് അടക്കേണ്ടത്. മൊത്തം യാത്രച്ചെലവ് കരിപ്പൂർ -3,53,313, കൊച്ചി -3,53,967, കണ്ണൂർ -3,55,506 രൂപയാണ്. ഇക്കുറി മേയ് 21 മുതൽ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് സർവിസ് ആരംഭിക്കുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഇപ്പോൾ പ്രഖ്യാപിച്ച മൊത്തം തുകയിൽ 10 ശതമാനം കുറയാനോ കൂടാനോ സാധ്യതയുണ്ട്. ബലി കർമത്തിന് കൂപ്പൺ ആവശ്യപ്പെട്ടവർ ആ ഇനത്തിൽ 16,344 രൂപ അടക്കണം.
കഴിഞ്ഞ വർഷം കേരളത്തിൽനിന്നും കൊച്ചിയിൽനിന്ന് മാത്രമായിരുന്നു ഹജ്ജ് സർവിസ് നടന്നത്. 3,84,200 രൂപയായിരുന്നു 2022ൽ ഈടാക്കിയത്. ഈ വർഷം മുതൽ തീർഥാടകർക്ക് യാത്രവേളയിൽ റിയാൽ നൽകുന്ന നടപടി കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർത്തലാക്കിയിരുന്നു.
ഈ തുക അവസരം ലഭിച്ചവരിൽനിന്ന് മുൻകൂറായി വാങ്ങി ബാങ്കുകളിൽനിന്ന് ടെൻഡർ വിളിച്ചായിരുന്നു കൈമാറിയിരുന്നത്. ഹജ്ജ് യാത്രച്ചെലവ് കുറക്കാൻ വേണ്ടി ഇത് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർത്തലാക്കി. പകരം തീർഥാടകർ സ്വയം ആവശ്യമായ റിയാൽ കൈവശം വെക്കണം. ഈ തുക ഒഴിവാക്കിയതിനെ തുടർന്ന് ഇക്കുറി കരിപ്പൂർ -30,887, കണ്ണൂർ -28,694, കൊച്ചി -30,233 രൂപ യാത്രച്ചെലവിൽ കുറവ് വന്നിട്ടുണ്ട്.
കരിപ്പൂരിൽനിന്ന് ജൂൺ നാല് മുതലും കണ്ണൂരിൽനിന്ന് ജൂൺ ഏഴിനുമാണ് ഹജ്ജ് സർവിസ് ആരംഭിക്കുന്നത്.രണ്ടിടത്തും എയർഇന്ത്യ എക്സ്പ്രസാണ് സർവിസ് നടത്തുക. കരിപ്പൂർ - 6,322, കണ്ണൂർ - 1,796 പേരുമാണ് പുറപ്പെടുക. കൊച്ചിയിൽനിന്ന് സൗദി എയർലൈൻസിനാണ് കരാർ. ഇവിടെനിന്ന് 2213 തീർഥാടകരാണുള്ളത്.
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവർ അവസാന ഗഡു അടച്ചതിനു ശേഷം പേ ഇൻ സ്ലിപ്പിന്റെ ഹജ്ജ് കമ്മിറ്റിക്കുള്ള കോപ്പി എക്സിക്യൂട്ടിവ് ഓഫിസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയർപോർട്ട് (പി.ഒ), മലപ്പുറം എന്ന വിലാസത്തില്‍ അയക്കണമെന്ന് അധികൃതർ അറിയിച്ചു. കരിപ്പൂർ തെരഞ്ഞെടുത്തവർ 1,01,513, കൊച്ചി തെരഞ്ഞെടുത്തവർ 1,02,167, കണ്ണൂര്‍ - 1,03,706 രൂപയാണ് ഇനി അടക്കേണ്ടത്.
ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേമെന്റ് സ്ലിപ് ഉപയോഗിച്ച് എസ്.ബി.ഐ, യൂനിയൻ ബാങ്ക് ശാഖകളിലാണ് പണം അടക്കേണ്ടത്. പേ ഇന്‍ സ്ലിപ്പിന്റെ അപേക്ഷകനുള്ള കോപ്പി അപേക്ഷകന് സൂക്ഷിക്കണമെന്നും ഹജ്ജ് യാത്ര സമയത്ത് കൈവശം കരുതണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.