ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി

കോഴിക്കോട്ട്: കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ് (സി.ഐ.സി) ജനറൽ സെക്രട്ടറിയും വാഫി സംവിധാനത്തിന്‍റെ ബുദ്ധികേന്ദ്രവുമായ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി. കോഴിക്കോട്ട് ഇന്ന് ചേർന്ന സമസ്ത മുശാവറയാണ് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്. സുന്നി ആശയങ്ങൾക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്നും സമസ്ത മുശാവറ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സമസ്ത മലപ്പുറം ജില്ല കമ്മിറ്റി അംഗമാണ്.

സമസ്തയും കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസിന്​ (സി.ഐ.സി) കീഴിലുള്ള വാഫി-വാഫിയ്യ സ്ഥാപനങ്ങളെ ചൊല്ലി സമസ്ത നേതൃത്വത്തിലെ ഒരു വിഭാഗവുമായുള്ള ഭിന്നത രൂക്ഷമായ പശ്ചാതലത്തിൽ സമസ്ത മുശാവറയുടെ നിർണായക​ ​യോഗമാണ് ഇന്ന് നടന്നത്. കഴിഞ്ഞ വ്യാഴാഴ്ച ചേളാരി സമസ്താലയത്തിൽ നടന്ന സമസ്ത പോഷക സംഘടനകളുടെ നേതൃ സംഗമത്തിൽ ഈ വിഷയത്തെ ചൊല്ലിയുണ്ടായ തർക്കം ബഹളത്തിൽ കലാശിച്ചിരുന്നു.

ഹക്കീം ഫൈസിക്കെതിരെ നടപടിയെടുക്കുന്നതോടെ സി.ഐ.സിയെ പൂർണമായും പിടിച്ചെടുക്കാൻ കഴിയുമെന്നാണ് സമസ്തയിലെ ഒരു വിഭാഗത്തിന്‍റെ കണക്കുകൂട്ടൽ. ഹക്കീം ഫൈസിയെ ബലിയാടാക്കുക വഴി മുസ് ലിം ലീഗിനും സി.ഐ.സിയുടെ നേതൃനിരയിലുള്ള പാണക്കാട് കുടുംബത്തിനുമെതിരെയാണ്​ സമസ്ത നേതൃത്വം എന്ന അണികളുടെ ആക്ഷേപത്തിൽ നിന്ന്​ രക്ഷപ്പെടാനാകും. ഇതിന്‍റെ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ ഇദ്ദേഹത്തിനെതിരെയുള്ള കാമ്പയിൻ സജീവമാണ്​.

പുത്തൻ ആശയക്കാരുമായി വേദി പങ്കിടുന്നുവെന്നതടക്കമുള്ള ആരോപണങ്ങളാണ്​ ഹകീം ഫൈസിക്കെതിരെ എതിർ വിഭാഗം ഉയർത്തുന്നത്​. എന്നാൽ, കഴിഞ്ഞ ദിവസം ഷാർജ ബുക് ഫെയറിൽ നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മരണിക അറബി പതിപ്പ്​ പ്രകാശന ചടങ്ങിൽ സലഫി നേതാവുമായി സമസ്ത ജനറൽ സെക്രട്ടറി വേദി പങ്കിട്ടത്​ ഈ ആരോപണമുന്നയിക്കുന്ന നേതാക്കളെ വെട്ടിലാക്കിയിട്ടുണ്ട്​.

Tags:    
News Summary - Hakeem Faizy Adrisseri terminated in samastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.