കോഴിക്കോട്: വിൽപനക്കായി ഏൽപിച്ച ആഡംബര കാർ അപകടത്തിൽപെട്ട സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. മെഡിക്കൽ കോളജ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എം.പി. പ്രവീൺകുമാർ, സിവിൽ പൊലീസ് ഓഫിസർ സി.വി. കൃപേഷ് എന്നിവരെയാണ് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് സസ്പെൻഡ് ചെയ്തത്.
ജനുവരി 16നാണ് സസ്പെൻഷനാധാരമായ സംഭവം. നഗരത്തിലെ യൂസ്ഡ് കാർ ഷോറൂമിൽ വിൽപനക്കായി ഏൽപിച്ച കാർ, ഷോറൂം ഉടമകളിലൊരാൾ സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോയി അപകടത്തിൽപെടുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസുകാരൻ ആർ.സി ഉടമക്കെതിരെ കേസ് വരുമെന്നറിയിച്ചു. ഇതോടെ കാറോടിച്ച ഷോറൂം ഉടമ കേസെടുക്കാതിരിക്കാൻ അരലക്ഷം രൂപ നൽകാമെന്നേൽക്കുകയും പൊലീസുകാരൻ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് തുക അയക്കുകയും ചെയ്തു.
എന്നാൽ, ഇതിനിടെ സംഭവം സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് അറിയുകയും പ്രാഥമികാന്വേഷണത്തിന് രഹസ്യാന്വേഷണ വിഭാഗത്തോട് നിർദേശിക്കുകയും ചെയ്തു. സംഭവത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശനെ ചുമതലപ്പെടുത്തി.
അന്വേഷണത്തിൽ തുക കൈമാറിയ ബാങ്ക് അക്കൗണ്ട് കൃപേഷിന്റെ ഭാര്യയുടേതാണെന്ന് കണ്ടെത്തി. സംഭവത്തിന് കൂട്ടുനിന്നുവെന്നതാണ് പ്രവീണിനെതിരായ കുറ്റം. അസി. കമീഷണറുടെ അന്വേഷണ റിപ്പോർട്ടിനുപിന്നാലെയാണ് പൊലീസ് മേധാവി വകുപ്പുതല നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.