കോഴിക്കോട്: ഹമാസ് സ്വാതന്ത്ര്യസമര പ്രസ്ഥാനമാണെന്നും ഭീകരവാദികളല്ലെന്നും ഇന്ത്യയിലെ ഫലസ്തീൻ സ്ഥാനപതി അദ്നാൻ അബൂ അൽ ഹൈജ. ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം കർമശ്രേഷ്ഠ പുരസ്കാരം സി. രാധാകൃഷ്ണന് സമ്മാനിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചപ്പോഴും പിന്നീട് മാധ്യമ പ്രവർത്തകരോട് സംവദിച്ചപ്പോഴുമാണ് അദ്ദേഹം ഫലസ്തീനിലെ സാഹചര്യം വ്യക്തമാക്കിയത്.
ഹമാസ് അധിനിവേശത്തിനെതിരെയാണ് പോരാടുന്നത്. ഏതൊരു നാട്ടുകാരെപ്പോലെയും ഞങ്ങൾക്കും മാതൃരാജ്യത്ത് സമാധാനത്തോടെയും സ്വതന്ത്ര്യത്തോടെയും കഴിയാനാകുമെന്ന പ്രതീക്ഷയുണ്ട്. 1967ലെ തീരുമാന പ്രകാരം കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാജ്യമുണ്ടാക്കാൻ ഫലസ്തീനിനും ഇസ്രായേലിനുമിടയിൽ ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്നാണ് ആഗ്രഹം.
ഹമാസ് ഭടന്മാരുടെ ചെറുത്തുനിൽപിൽ 400 ഇസ്രായേൽ പട്ടാളക്കാർ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് കണക്ക്. ഇസ്രായേൽ സത്യം പറയാറില്ലാത്തതിനാൽ നഷ്ടം ഇതിലും അധികമുണ്ടാകുമെന്ന് ഉറപ്പാണ്. പല ഇസ്രായേൽ പട്ടാളക്കാർക്കും ഗസ്സയിലെ അധിനിവേശത്തിൽ താൽപര്യമില്ല. ചില പട്ടാളക്കാർ ഓടിപ്പോയിട്ടുമുണ്ട്.
ഹമാസ് ആക്രമണത്തിന് മുമ്പ് വെസ്റ്റ് ബാങ്കിൽ 260 പേരെ ഇസ്രായേൽ സർക്കാർ കൊന്നു. അവർ അൽ അഖ്സ പള്ളിയിൽ മുസ്‍ലിംകളെ തടയുന്നു. ഇനിയും ഇരുഭാഗത്തുനിന്നും ആക്രമണങ്ങളുണ്ടാകരുത്. ഞങ്ങളുടെ കുഞ്ഞുങ്ങൾ മറ്റിടത്തെപോലെ സമാധാനത്തിൽ കഴിയണമെന്നാണ് ആഗ്രഹം.
ഇന്ത്യയും ഫലസ്തീനും തമ്മിലുള്ളത് ചരിത്രപരമായ ബന്ധമാണ്. ഫലസ്തീൻ ജനതയെയും ഫലസ്തീൻ പ്രശ്നത്തെയും ഭാരതം എന്നും തുണച്ചിട്ടുണ്ട്. അത് ശക്തമാണ്. ഫലസ്തീന് കേരളത്തിന്റെ വലിയ പിന്തുണ ആവേശം തരുന്നതാണ്. ഫലസ്തീൻ ജനതയെ കൊല്ലാൻ തുടക്കമിട്ടത് ഇസ്രായേലാണ്. അവിടെ ഭൂരിഭാഗം ജനതയും വളരെ കാലമായി പട്ടിണിയിലാണ്. ഒക്ടോബർ ഏഴിനുശേഷം മരുന്നടക്കം അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതായി.
സഹായിക്കാൻ മനുഷ്യത്വപരമായ എന്ത് നീക്കമുണ്ടായാലും ബോംബിടുമെന്നാണ് ഇപ്പോൾ ഇസ്രായേൽ നിലപാട്. വെടിനിർത്തൽ നീളുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായമുണ്ടാകുമെന്നും ഫലസ്തീൻ രാജ്യം നിലനിൽക്കുമെന്നുമാണ് പ്രതീക്ഷ. ഐക്യരാഷ്ട്ര സഭാ തീരുമാനപ്രകാരം ഫലസ്തീൻ പ്രശ്നം പരിഹരിക്കാൻ ലോക രാഷ്ട്രങ്ങൾക്ക് ബാധ്യതയുണ്ടെന്നും എന്നാൽ, ചില പാശ്ചാത്യ രാഷ്ട്രങ്ങൾ ഇരട്ടത്താപ്പ് സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.