അധ്യാപകന്‍റെ കൈ വെട്ടിയ കേസിൽ കണ്ണൂരിൽ നിന്ന്​ പിടിയിലായ ഒന്നാംപ്രതി സവാദിനെ കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയപ്പോൾ

അധ്യാപകന്‍റെ കൈവെട്ടിയ കേസ്: സവാദിനെ തിരിച്ചറിയൽ പരേഡിനു ശേഷം കസ്റ്റഡിയിൽ വാങ്ങും

കൊച്ചി: അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിനെ തിരിച്ചറിയൽ പരേഡിനുശേഷം കസ്​റ്റഡിയിൽ വാങ്ങാൻ എൻ.ഐ.എ. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 24 വരെയാണ്​ ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​ ചെയ്തത്​.

കേസി​ലെ ഗൂഢാലോചന കണ്ടെത്താനും ഇത്രയുംനാൾ ഒളിവിൽ കഴിയാൻ സഹായിച്ചത് ആരാണെന്ന്​ അറിയാനും കസ്​റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതിയെ എൻ.ഐ.എ അറിയിച്ചു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈൽ ഫോണും ഒരു സിം കാർഡും പിടികൂടിയിട്ടുണ്ട്​.

2010 ജൂലൈ നാലിനാണ് പ്രഫ. ടി.ജെ. ജോസഫിനെ ഓമ്നി വാനിലെത്തിയ ആറംഗസംഘം ആക്രമിച്ചത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. പ്രഫസറുടെ കൈവെട്ടിയത്​ സവാദാണെന്ന ക​ണ്ടെത്തലിനെത്തുടർന്ന്​ ഇയാളെ ഒന്നാം പ്രതിയാക്കിയാണ്​ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്​.

പിന്നീട്​ പലപ്പോഴായി കേസിലെ മുഴുവൻ പ്രതികളും പിടിയിലായെങ്കിലും സവാദിനെ മാത്രം കണ്ടെത്താൻ അന്വേഷണ സംഘത്തിന്​ കഴിഞ്ഞിരുന്നില്ല. അന്വേഷണം ഏറക്കുറെ നിലച്ച ഘട്ടത്തിലാണ്​ പ്രതി ഇപ്പോൾ പിടിയിലായത്​. ഇനി സവാദിന്​ മാത്രമായി കേസ്​ മൂന്നാംഘട്ട വിചാരണ നടത്തേണ്ടിവരും.

Tags:    
News Summary - Hand Chopping Case: Savad will be taken into custody after an identification parade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.