തിരുവനന്തപുരം: ഓയൂർ മരുതമൺ പള്ളിയിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തിയതിൽ സന്തോഷവും പിന്തുണച്ചവർക്ക് നന്ദിയും അറിയിച്ച് പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നന്ദി അറിയിച്ചത്.
‘ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ, നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി’ എന്ന കുറിപ്പിനൊപ്പമുള്ള പോസ്റ്ററിൽ കുഞ്ഞുമോൾ സുരക്ഷിതയായി മാതാപിതാക്കളുടെ അടുത്തേക്കെന്നും കഠിന പരിശ്രമത്തിന് ശുഭാന്ത്യമെന്നും കുറിച്ചിട്ടുണ്ട്.
കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മൈതാനത്ത് തനിച്ചായ കുഞ്ഞിനെ കണ്ട് ആളുകൾ വിവരം തിരക്കുകയായിരുന്നു. നാട്ടുകാർ ഫോണിൽ രക്ഷിതാക്കളുടെ ഫോട്ടോ കാണിച്ചത് കുഞ്ഞ് തിരിച്ചറിഞ്ഞു. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയെ കൊല്ലം എ.ആർ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കാണാതായി 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. പൊലീസിന്‍റെ നേതൃത്വത്തിൽ നാടെങ്ങും വലവിരിച്ച് തിരച്ചിൽ നടത്തുന്നതിനിടെയാണ് ശുഭവാർത്തയെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവർ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.