ഹർ ഘർ തിരംഗ ഇടത് സർക്കാർ അട്ടിമറിച്ചു; ഉടൻ വീടുകളിൽ പതാക എത്തിക്കണം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ ഭാരതമെമ്പാടും നടക്കുന്ന ഹർ ഘർ തിരംഗ പരിപാടി കേരള സർക്കാർ അട്ടിമറിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി ലക്ഷ്യമിട്ട് നഗ്നമായ ദേശവിരുദ്ധതയാണ് സർക്കാർ നടത്തിയത്.

വീടുകളിൽ ഉയർത്താനുള്ള ദേശീയ പതാക വിദ്യാലയങ്ങൾ വഴി കുട്ടികൾക്ക് പണം വാങ്ങി നൽകാൻ കുടുംബശ്രീയെ ആണ് സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ ഭൂരിഭാഗം സ്കൂളുകളിലും കുടുംബശ്രീ പതാക എത്തിച്ചില്ല. നൽകിയതാവട്ടെ വികലവും മോശപ്പെട്ടതുമായ പതാകകളാണ്. പതാക ലഭിച്ച സ്കൂളുകൾ കുട്ടികൾക്ക് വിതരണം ചെയ്യാതെ കുടുംബശ്രീ മിഷനിൽ തിരിച്ചേൽപ്പിച്ചു.

പല സ്കൂളുകളിലും പതാക നൽകിയിട്ടുമില്ല . പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം സ്വാതന്ത്രത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ എല്ലാ വീട്ടിലും പതാക ഉയർത്തുക എന്ന വലിയ ആഘോഷമാണ് സർക്കാർ കുടുംബശ്രീയെ ഉപയോഗിച്ച് അട്ടിമറിച്ചതെന്ന് സുരേന്ദ്രൻ ആരോപിച്ചു.

പതാക കുടുംബ ശ്രീ നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞ് പണം വാങ്ങി ഇടനിലക്കാരിൽ നിന്നും വികൃതമായ പതാക വാങ്ങി ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് ദേശീയ പതാകയുടെ മറവിൽ സർക്കാർ നടത്തിയത്. ഇത് അന്വേഷിച്ച് അഴിമതിക്കാരെ ശിക്ഷിക്കണം.

പതാക ലഭിക്കാതെ നിരാശരായ വിദ്യാർത്ഥികൾക്ക് വീടുകളിൽ ഉയർത്താനുള്ള പതാക അടിയന്തിരമായി എത്തിച്ചു നൽകാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - Har Ghar Tiranga Topples Left Government; The flag should be delivered to the homes immediately -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.