'അടിമക്കൂട്ടം പാടി, കടന്നല്‍ക്കൂട്ടം പാടി, ഈ കുഴിയില്‍ ചാടിയാടി സിനിമ കാണും മനുഷ്യര്‍'; പാട്ടുപാടി സിനിമയെ പിന്തുണച്ച് ഹരീഷ് പേരടി -VIDEO

കോഴിക്കോട്: പരസ്യവാചകത്തിന്റെ പേരിൽ സി.പി.എം സൈബർ സംഘം 'ന്നാ താൻ കേസ് കൊട്' എന്ന സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിനെതിരെ പാട്ടുപാടി നടൻ ഹരീഷ് പേരടി. സിനിമയിലെ 'ദേവദൂതർപാടി..' എന്ന പാട്ടിന്റെ ഈണമത്തിൽ 'അടിമക്കൂട്ടം പാടി, കടന്നല്‍ക്കൂട്ടം പാടി, ഈ കുഴിയില്‍ ചാടിയാടി സിനിമ കാണും മനുഷ്യര്‍..' തുടങ്ങിയ വരികൾ ആലപിച്ചാണ് നടൻ ഫേസ്ബുക്കിൽ പ്രതികരിച്ചത്.

'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പരസ്യ വാചകത്തിന്റെ പേരിലാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം ബഹിഷ്കരിക്കാൻ സി.പി.എം അനുകൂലികൾ സൈബറിടങ്ങളിൽ ആഹ്വാനം മുഴക്കിയത്. ഇന്നലെയാണ് കുഞ്ചാക്കോ ബോബൻ ചിത്രം തിയറ്ററുകളിൽ എത്തിയത്. തിയറ്റർ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററിലായിരുന്നു പ്രസ്തുത പരസ്യവാചകം.

"അടിമക്കൂട്ടം പാടി, കടന്നല്‍ക്കൂട്ടം പാടി -എന്നിട്ടും- ഈ കുഴിയില്‍ ചാടിയാടി സിനിമ കാണും മനുഷ്യര്‍..' എന്ന് പാടിയാണ് ഹരീഷ് പേരടിയുടെ വിഡിയോ തുടങ്ങുന്നത്. 'ചാക്കോച്ചന്റെയും പൊതുവാളിന്റെയും ന്നാ താന്‍ കേസ് കൊട് എന്ന സിനിമ എല്ലാവരും കാണുക. ഈ സിനിമ കാണുക എന്നത് സാമൂഹിക ഉത്തരവാദിത്വമാണ്. ഒരു സാംസ്കാരിക പ്രവർത്തനമാണ്' എന്ന് പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്.

സി.പി.എം സഹയാത്രികനും പാർട്ടിക്ക് വേണ്ടി ചാനൽചർച്ചകളിൽ പ​ങ്കെടുക്കുന്നയാളുമായ പ്രേം കുമാർ അടക്കമുള്ളവരാണ് സിനിമക്കെതിരെ ആദ്യം രംഗത്തുവന്നത്. 'വൃത്തിയായി കാര്യങ്ങൾ ചെയ്യാൻ നോക്കുന്നവരെ അധിക്ഷേപിക്കാൻ ചിലർ കഥയെഴുതി, വേറെ ചിലർ സംവിധാനം ചെയ്ത്, മാപ്രകൾ വിതരണം നടത്തുന്ന ജനവിരുദ്ധ ക്യാമ്പയിനാണ് കേരളം മുഴുവൻ റോട്ടിൽ കുഴികളാണെന്നത്. ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ ഞങ്ങളും ആ ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാർ. വഴിയിൽ കുഴിയുണ്ട് എന്നുറപ്പാണല്ലേ; ചിലയിടത്ത് ഉണ്ടാവാം എന്ന് പോലുമല്ലല്ലോ. ഇന്ന് തന്നെ ഈ പടം കാണാൻ തീരുമാനിച്ചിരുന്നതാണ്;

ഇന്നിനി കാണുന്നില്ലെന്ന് വെച്ചു. ഇനിയെന്തായാലും എത്ര കുഴിയുണ്ടെന്നറിഞ്ഞിട്ടാവാം. ആർക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാവരുത് ജനങ്ങൾ തെരഞ്ഞെടുത്തൊരു ജനകീയ സർക്കാർ' എന്നായിരുന്നു പ്രേംകുമാറിന്റെ ഫേസ്ബുക് പോസ്റ്റ്. ഇതിനുപിന്നാലെ പല കേന്ദ്രങ്ങളിൽനിന്നും കൂട്ടമായി സിനിമക്കെതിരെ സൈബർ ആക്രമണം തുടങ്ങി.

Full View

പ്രചാരണം വ്യാപകമായി അരങ്ങേറിയതോടെ ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ സാമൂഹിക നേതാക്കളും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ''അത് പരസ്യമല്ലേ, അങ്ങനെ കണ്ടാൽ മതി. ക്രിയാത്മകമായ വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നു'' എന്നായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. 'പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണ്' എന്നായിരുന്നു സിനിമയി​ലെ നായകൻ കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

Tags:    
News Summary - Hareesh Peradi against cyber attack on nna than case kodu movie kunchacko boban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.