തലശ്ശേരി: സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെ വയലിലെ ഹരിദാസ് കൊല്ലപ്പെടുന്നത് നാലാം തവണയുള്ള ശ്രമത്തിനിടെ. മത്സ്യബന്ധനം കഴിഞ്ഞ് കഴിഞ്ഞമാസം 22ന് പുലർച്ച ഒന്നരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഹരിദാസ് കൊല്ലപ്പെട്ടത്.
ആസൂത്രിതമായ നീക്കത്തിലൂടെയാണ് ബി.ജെ.പി -ആർ.എസ്.എസ് പ്രതികൾ സംഘം ചേർന്ന് ഹരിദാസിനെ വീട്ടുപറമ്പിൽ ദാരുണമാംവിധം വെട്ടിക്കൊല്ലുന്നത്. ഒന്നാം പ്രതി ലിജേഷ് ഉൾപ്പെടെയുള്ളവർ ഹരിദാസ് എത്തുന്നതിനുമുമ്പേ വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി കാത്തിരുന്നതായി, ന്യൂ മാഹി പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഒന്നാം പ്രതി ലിജേഷ്, നാലാം പ്രതി മൾട്ടി പ്രജി, നിഖിൽ, ദീപു എന്നിവർ ചേർന്ന് വാൾ ഉപയോഗിച്ച് ഹരിദാസിനെ വെട്ടുകയായിരുന്നു. ബി.ജെ.പി പ്രവർത്തകരായ പ്രജീഷ് എന്ന പ്രജിത്തും കൊല്ലറ ദിനേശനും അക്രമി സംഘത്തിലുണ്ടായിരുന്നു.
ഫെബ്രുവരി എട്ടിനും 11നും 14നുമാണ് ഇതിനുമുമ്പ് ഹരിദാസിനെ ആക്രമിക്കാനുള്ള നീക്കമുണ്ടായത്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളിൽ ലിജേഷ് ഉൾപ്പെടെ ഏഴുപേരാണ് ആദ്യസംഭവത്തിൽ ഗൂഢാലോചന നടത്തിയത്. 11നുള്ള രണ്ടാം ശ്രമത്തിൽ ഒരു സംഘം ആയുധങ്ങളുമായി എത്തിയെങ്കിലും ഒരു സ്ത്രീ കാണാനിടയായതിനാൽ പിന്തിരിഞ്ഞു. 14നുള്ള മൂന്നാം ശ്രമവും നടന്നില്ല. അഞ്ചുമുതൽ 11 വരെയുള്ള പ്രതികളിൽനിന്ന് എട്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും ഇവ വിശദ പരിശോധനക്കയച്ചതായും ഗൂഢാലോചനയുൾപ്പെടെയുള്ള കാര്യത്തിൽ വിശദ അന്വേഷണം നടത്താനുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.