മലപ്പുറം: ഹരിത വിഷയത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടിനെതിരെ തുറന്നടിച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് ബരീറ താഹ. ഒരു പാർട്ടി എത്രയൊക്കെ പുരോഗമനം നടിച്ചാലും പുഴുക്കുത്തു വീണ ഉൾപ്പാർട്ടി സംവിധാനം ഇടക്കൊക്കെ തനിനിറം തുറന്നു കാണിക്കാറുണ്ടെന്നതാണ് സത്യമെന്ന് ബരീറ ഫേസ്ബുക്കിൽ കുറിച്ചു. വനിത കമീഷനിൽ പരാതി പോയതിനാലാണ് മയക്കത്തിലിരുന്ന പാർട്ടി ഉണരുകയും പിൻവലിക്കാനും അച്ചടക്കത്തോടെ പ്രവർത്തിക്കാനും സമ്മർദം ചെലുത്തുകയും ചെയ്തത്.
നിരന്തരം വിമർശിച്ച വനിത കമീഷനിലേക്ക് തങ്ങൾ എത്തിയത് നിയമപരമായ സംവിധാനം എന്ന നിലയിലാണ്. സംഘടനയിൽ പരാതി പറഞ്ഞിട്ടും അത്ര ഉത്സാഹം മേൽത്തട്ടിൽനിന്നുണ്ടായില്ല.
സംഘടനപരമായ നടപടികളെ ചോദ്യംചെയ്യുക വഴി പാർട്ടിയുടെ ആൺകോയ്മക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കുക എന്ന അക്ഷന്തവ്യമായ തെറ്റ് ചെയ്ത തങ്ങളെ അധിക്ഷേപിച്ച് നേരിടാനാണ് അവർ ശ്രമിച്ചത്. ആണധികാര തിട്ടൂരങ്ങളെ ലംഘിക്കാൻ ധൈര്യം കാണിക്കുന്ന ഏതൊരാളെയും വെടിയുണ്ടക്ക് വിധേയമാക്കാൻ ഒരു ദാക്ഷിണ്യവും ഇല്ലാത്തവരും ജനാധിപത്യ വിരുദ്ധത മനസ്സിൽ പേറുന്നവരുമാണവർ. ഒരു സമൂഹത്തിലെ പവർ ഡൈനാമിക്സ് പലപ്പോഴും പുരുഷന് അനുകൂലമായിരിക്കും. അതുകൊണ്ടാണ് ഇരകളുടെ സ്ഥാനത്ത് സ്ത്രീകൾ വരുമ്പോൾ 'തെളിവുകളുടെ ഭാരം' കുറ്റാരോപിതനിലേക്ക് നീട്ടപ്പെടുന്നതെന്നും ബരീറ വ്യക്തമാക്കി.
ഒരു സമൂഹത്തിലെ power dynamics പലപ്പോഴും പുരുഷന് അനുകൂലം ആയിരിക്കും. അത് കൊണ്ട് തന്നെയാണ് ഇരകളുടെ സ്ഥാനത്തു സ്ത്രീകൾ വരുമ്പോൾ സ്വാഭാവിക നീതി ബോധം അവരോടു ഐക്യപ്പെടുകയും 'burden of proof' കുറ്റാരോപിതനിലേക്ക് നീട്ടപ്പെടുകയും ചെയ്യുന്നത്.
ഒരു പാർട്ടി എത്രയൊക്കെ പുരോഗമനം നടിച്ചാലും പുഴുക്കുത്തു വീണ ഉൾപാർട്ടി സംവിധാനം തനിനിറം ഇടക്കൊക്കെ തുറന്നു കാണിക്കാറുണ്ട് എന്നതാണ് സത്യം. സംഘടനാപരമായുള്ള നടപടികളെ ചോദ്യം ചെയ്യുക വഴി പാർട്ടിയുടെ ആൺകോയ്മക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കുക എന്ന അക്ഷന്തവ്യമായ തെറ്റു ചെയ്ത ഞങ്ങളെ slut shaming നടത്തി നേരിടാനാണ് അവർ ശ്രമിച്ചതും. ഇതിനു എതിരെ സംഘടനയിൽ complaint ചെയ്തുവെങ്കിലും അത്ര ഉത്സാഹം മേൽത്തട്ടിൽ നിന്നും ഉണ്ടായില്ല.
9:45 pm നു ശേഷം (ടൈമിംഗ് ഏതു കിതാബ് റെഫർ ചെയ്തിട്ട് കിട്ടിയതാണെന്ന് അറിയിക്കാൻ അപേക്ഷ) ഓൺലൈൻ ഉണ്ടാകുന്ന വനിതാ നേതാക്കൾ ശരിയല്ല എന്നിങ്ങനെയുള്ള മൊഴിമുത്തുകൾ പലതുമാണ് complaint കൊണ്ട് മുന്നോട്ടു പോയ ഞങ്ങൾക്കു കിട്ടിയ മറുപടി (സ്വാഭാവികം!). പിന്നെ വനിതാകമ്മീഷന് പരാതി പറയേണ്ട ആവശ്യം എന്തായിരുന്നു എന്നു പറയുന്നവരോടാണ്. നിരന്തരം വിമർശിച്ച വനിതാ കമ്മീഷനിൽ പരാതി കൊടുക്കാൻ ഞങ്ങളെ എത്തിച്ചത് നിയമപരമായ സംവിധാനം എന്ന നിലയിലാണ്.വനിതാ കമ്മീഷനിൽ പരാതി കിട്ടിയതിനാൽ തന്നെ പെട്ടെന്ന് മയക്കത്തിൽ ഇരുന്ന പാർട്ടി മെഷിനറി ഉണരുകയും 'അച്ചടക്കത്തോടെ' പ്രവർത്തിക്കാനും കൊടുത്ത പരാതി പിൻവലിക്കാനും സമ്മർദ്ദം ഉണ്ടാകുകയും ചെയ്തു.തങ്ങളുടെ ആണധികാര തിട്ടൂരങ്ങളെ ലംഘിക്കാൻ ധൈര്യം കാണിക്കുന്ന ഏതൊരാളെയും വെടിയുണ്ടക്ക് വിധേയമാക്കാൻ ഒരു ദാക്ഷിണ്യവും ഇല്ലാത്തവർ. ഇതേ ജനാധിപത്യ വിരുദ്ധത മനസ്സിൽ പേറുന്നവർ. എല്ലാത്തിനും നീതീകരണം ആയി മറ്റു പലതിനെയും പഴി ചാരുന്നവർ. തിരിഞ്ഞാ??
ഈ ചെറുത്ത് നിൽപ്പിനെ ഒക്കെ സ്ഥാന മാനങ്ങൾക്ക് വേണ്ടി എന്ന് പറഞ്ഞു പുച്ഛികുന്നവരോട് പറയാനുള്ളത് സ്ഥനമാനങ്ങൾക്ക് വേണ്ടിയരുന്നവെങ്കിൽ നിശബ്ദമായി നിന്നാൽ മതിയാരുന്നു... ഇത് അതൊന്നുമല്ല Equal chance ൻ്റെയും Equal Represention ൻ്റെയുമാണ്.അതുപോലെ തന്നെ പെൺ രാഷ്ട്രീയത്തെ അരികുവത്കരിക്കുന്നതിനോട് എല്ലാ തലമുറയും സമരസപെടില്ലന്ന് മനസ്സിലാക്കുക.
പിന്നെ, വേറെ കുറേപ്പേർ എഴുതിയിരികുന്നു അവരു patriarchy കണ്ടിട്ടേയില്ല എന്ന്. അവരത് കണ്ടിട്ടില്ല എങ്കിൽ അതിനു അർഥം അതില്ലാ എന്നല്ല, മറിച്ചു അവർ അത് അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നാണ്. അവനവന് കിട്ടുന്ന പ്രിവിലിജുകൾ മറ്റൊരു അടിച്ചമർത്തലിൽ നിന്നും വരുന്നതാണ് എന്നുള്ള തിരിച്ചറിവ് വല്ലാത്ത 'cognitive dissonance' ഉണ്ടാക്കുന്ന പരിപാടിയാണ്. അത്തരം തിരിച്ചറിവുകൾ ഉണ്ടാകാതിരിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
എന്ന് വെച്ചാൽ ...
"ഞങ്ങളാരും നേതാക്കന്മാർക്കതീതരല്ല,
പാർട്ടിക്കൊപ്പമാണ്,
അഭിമാനകരമായ അസ്തിത്വമാണ് ഞങ്ങളുടെ രാഷ്ട്രീയാടിത്തറ,
അവിടെ എല്ലാവർക്കും ഇടമുണ്ട്"
ബരീറ താഹ
Msf (ഹരിത സംസ്ഥാന വൈസ് പ്രസിഡൻ്റ്)
ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് ലഭ്യമല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.