കോഴിക്കോട്: മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽനടന്ന പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് സ്വദേശി ഹർഷിന സമരം അവസാനിപ്പിച്ചു. പൊലീസിന്‍റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
സർക്കാറിൽനിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നും ഇല്ലെങ്കിൽ നിയമപോരാട്ടം തുടരുമെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. ഹർഷിനക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സമരം സമിതി ആവശ്യപ്പെട്ടു. കേസിൽ പൊലീസ് പ്രതിപ്പട്ടിക കുന്ദമംഗലം കോടതിയിൽ സമർപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിസ്ഥാനത്താക്കിയാണ് പട്ടിക സമർപ്പിച്ചത്. ഡോ. സി.കെ. രമേശൻ, ഡോ.ഷഹന എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.
സ്റ്റാഫ് നഴ്സ് മഞ്ജു കെ.ജി, നഴ്സിങ് ഓഫിസർ ഗ്രേഡ് വൺ ആയ എം. രഹനയും പ്രതിപ്പട്ടികയിലുണ്ട്. നാലുപേർക്കും സംഭവിച്ച അബദ്ധം മൂലമാണ് ഹർഷിനയുടെ വയറ്റിൽ കത്രികകുടുങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.
മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേർത്തത്. നേരേത്ത പ്രതിചേർത്തിരുന്ന മെഡിക്കൽ കോളജ് ഐ.എം.സി.എച്ച് മുൻ സൂപ്രണ്ട് യൂനിറ്റ് മേധാവിമാരായിരുന്ന രണ്ട് ഡോക്ടർമാരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും. ഇതിനു ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.