പറവൂർ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികലക്കെതിരെ പറവൂർ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച പറവൂരിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു സ്വാഭിമാൻ യോഗത്തിൽ മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ പ്രസംഗിച്ചതിനാണ് ഐ.പി.സി 153-ാം വകുപ്പനുസരിച്ച് പൊലീസ് കേസെടുത്തത്. എഴുത്തുകാർക്കെതിരെ ഭീഷണിയും മുന്നറിയിപ്പുമായി പ്രസംഗിക്കുകയും മതേതരവാദികളായ എഴുത്തുകാർ ആയുസ്സിനുവേണ്ടി മൃത്യുഞ്ജയഹോമം നടത്തിയില്ലെങ്കിൽ ഗൗരി ലങ്കേഷിെൻറ ഗതി വരുമെന്നായിരുന്നു ഭീഷണി. വി.ഡി. സതീശൻ എം.എൽ.എ ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്.
പരാതി ആലുവ റൂറൽ എസ്.പിക്ക് കൈമാറുകയും അനന്തരനടപടി സ്വീകരിക്കാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്ന് ഇവരുടെ പ്രസംഗത്തിെൻറ ഓഡിയോ സീഡി പൊലീസ് പരിശോധിക്കുകയും കേസ് എടുക്കുകയുമായിരുന്നു. ശശികലക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലും മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു.
അതേസമയം, പറവൂർ -വടക്കേക്കരയിൽ ഇക്കഴിഞ്ഞ 20ന് വിസ്ഡം ഗ്ലോബൽ പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ 40 പേർക്കെതിരെ കേസെടുത്തത് ജാമ്യം ലഭിക്കാത്ത 153 എ വകുപ്പ് പ്രകാരമായിരുന്നു. എന്നാൽ, ശശികലക്കെതിരെ ചുമത്തിയിട്ടുള്ളത് നിസ്സാര വകുപ്പാണ്. ഇവർക്ക് സ്റ്റേഷനിൽനിന്ന് തന്നെ ജാമ്യത്തിൽ പുറത്തിറങ്ങാം. ലഘുലേഖ വിതരണം ചെയ്തവരെ പിന്തുണച്ചെന്നാരോപിച്ചാണ് വി.ഡി. സതീശനെതിരെ ആരോപണമുയർത്തി ഹിന്ദു ഐക്യവേദി കഴിഞ്ഞദിവസം സമ്മേളനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.