തിരുവനന്തപുരം: കേന്ദ്രം നിർദേശിച്ച രീതിയിൽ ആരോഗ്യ സ്ഥാപനങ്ങളുടെ പേര് മാറ്റാത്തതിന്‍റെ പേരിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് മന്ത്രി വീണാ ജോർജ്. എൻ.എച്ച്.എം പദ്ധതികള്‍ക്കായി 60:40 അനുപാതത്തില്‍ കേന്ദ്രം അനുവദിക്കേണ്ട 826.02 കോടിയാണ് തടഞ്ഞത്.
കാഷ് ഗ്രാന്റായ 371.20 കോടി രൂപ നാല് ഗഡുക്കളായാണ് (25 ശതമാനം വീതം) അനുവദിക്കുന്നത്. മൂന്നു ഗഡുക്കള്‍ അനുവദിക്കേണ്ട സമയം കഴിഞ്ഞെങ്കിലും ഒരു ഗഡു പോലും അനുവദിച്ചിട്ടില്ല. ഈ ഇനത്തിൽ കിട്ടേണ്ടത് 278.4 കോടി.
ആരോഗ്യ സ്ഥാപനങ്ങളുടെ ലോഗോ മാറ്റണമെന്നാണ് കേന്ദ്രം ആദ്യം ആവശ്യപ്പെട്ടത്. ഇതു പ്രകാരം 6825 സ്ഥാപനങ്ങളില്‍ 99 ശതമാനവും ബ്രാന്‍ഡിങ് പൂര്‍ത്തിയാക്കി കഴിഞ്ഞ ഒക്‌ടോബറില്‍തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കി. ഇവയുടെയെല്ലാം ചിത്രം കേന്ദ്ര പോർട്ടലിൽ അപ്ലോഡ് ചെയ്യുകയും ഇത് ആരോഗ്യമന്ത്രാലയം അംഗീകരിക്കുകയും ചെയ്തു. എന്നാൽ, ഡിസംബറിലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയടക്കം പേര് ‘ആയുഷ്മാൻ ആരോഗ്യമന്ദിർ’ എന്നാക്കണമെന്ന പുതിയ നിർദേശമെത്തിയത്. ഇതു പാലിക്കാത്തതാണ് പാവപ്പെട്ട രോഗികളെ പ്രതിസന്ധിയിലാക്കും വിധം ഫണ്ട് തടഞ്ഞുവെക്കാൻ കാരണം. ‘ആയുഷ്മാൻ ആരോഗ്യമന്ദിർ’ എന്ന പേര് കേരളത്തിന്‍റെ സംസ്കാരത്തെ പരിഗണിക്കാത്ത നിർദേശമാണ്.
പേര് മാറ്റൽ ബുദ്ധിമുട്ടാണെന്നും നിർദേശം പുനഃപരിശോധിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.