തിരുവനന്തപുരം: എറണാകുളത്ത് ചികിത്സയിലുള്ള ഇതര സംസ്ഥാനക്കാരിയായ അമ്മയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകിയ കൊച്ചി സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ എം.എ. ആര്യയെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. മുലപ്പാൽ കുഞ്ഞിന്റെ പ്രാണനും അവകാശവുമാണ്. ചില സാഹചര്യങ്ങളിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നിഷേധിക്കപ്പെടുമ്പോൾ അതിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയാണ് ആര്യ. മുലപ്പാലിന്റെ പ്രാധാന്യം ഉൾക്കൊണ്ട് എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ ആറുമാസം വരെയെങ്കിലും നിർബന്ധമായും മുലയൂട്ടണം. കുഞ്ഞും സഹോദരങ്ങളും ശിശുഭവനിലാണുള്ളത്. അമ്മയുടെ രോഗം ഭേദമായി കുട്ടികളെ ഏറ്റെടുക്കുംവരെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയസംബന്ധമായ ശസ്ത്രക്രിയക്കുശേഷം ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന ബിഹാർ സ്വദേശിനിയുടെ പിഞ്ചു കുഞ്ഞിനെയാണ് വനിത സി.പി.ഒ ആര്യ പാലൂട്ടിയത്. അധികൃതർ അറിയിച്ചതനുസരിച്ച് ആശുപത്രിയിൽ ചെന്ന വനിത പൊലീസുകാർക്ക് ഒപ്പം കൂട്ടേണ്ടിവന്നത് ബിഹാർ സ്വദേശിനിയുടെ നാലു മക്കളെ. 13ഉം രണ്ടരയും നാലു മാസവും പ്രായമുള്ള മൂന്നു പെൺകുട്ടികളും അഞ്ചു വയസ്സുള്ള ആൺകുട്ടിയുമായിരുന്നു അവർ. മൂത്തവർക്ക് ഭക്ഷണവും മറ്റും നൽകിയെങ്കിലും ഇളയ കുഞ്ഞിനെ എന്തു ചെയ്യണമെന്നായിരുന്നു ആദ്യം ആശങ്ക. എന്നാൽ, ‘ഇങ്ങോട്ടു തന്നേക്ക് മാഡം, ഞാൻ പാലുകൊടുത്തോളാം’ എന്ന വാക്കുമായി മുലയൂട്ടുന്ന അമ്മയായ ആര്യ കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. പാലു കുടിച്ചശേഷം ആളു മിടുക്കിയായെന്നും എല്ലാവരോടും ചിരിക്കാനും ഇണങ്ങാനും തുടങ്ങിയെന്നും ആര്യയുടെ വാക്കുകൾ.
മകൾ ശിവതീർഥയെയും നാലു വയസ്സുള്ള മകൻ ശിവതേജസ്സിനെയും അമ്മ രത്നമ്മയെ ഏൽപിച്ചാണ് വൈക്കത്തെ വീട്ടിൽനിന്ന് അവർ കൊച്ചിയിലെ പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഭർത്താവ് പ്രദീപ് വെൽഡറാണ്. നാലു കുട്ടികളെയും പിന്നീട് ശിശുക്ഷേമ സമിതിയുടെ ഇടപെടലിൽ കൊച്ചി എസ്.ആർ.എം റോഡിലുള്ള നിർമല ശിശുഭവനിലേക്ക് മാറ്റി. വനിത സ്റ്റേഷൻ എസ്.എച്ച്.ഒ ആനി ശിവ, എ.എസ്.ഐമാരായ ഷിനി, ബേബി, എസ്.സി.പി.ഒ ഷീജാമോൾ എന്നിവരിൽനിന്ന് ശിശുഭവൻ ഇൻചാർജായ സിസ്റ്റർ ജോൺ മരിയറ്റാണ് ഇവരെ ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.