കോഴിക്കോട്: നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. മരിച്ചവരുമായി സമ്പർത്തിലേർപ്പെട്ടവരെ കണ്ടെത്തി റിസ്ക് അനുസരിച്ച് പട്ടികപ്പെടുത്തും. ജില്ലയിലാകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെത്തിയ മന്ത്രി പറഞ്ഞു.
ഇന്നലെ രാവിലെയാണ് സർക്കാർ സംവിധാനങ്ങൾക്ക് അസ്വാഭാവികമായ പനിമരണത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇയാളുടെ അടുത്ത ബന്ധുക്കളും ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. പ്രാഥമികമായ പരിശോധനകൾ ഇവിടെ തന്നെ നടത്തി. നിപയുടെ സാധ്യത സംശയിക്കപ്പെട്ടു. നിപയാണോയെന്ന് സ്ഥിരീകരിക്കാനായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിളുകൾ അയച്ചു. അതിനിടെയാണ് ഇന്നലെ വൈകുന്നേരം ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചത്. മരിച്ച രണ്ടുപേരും ആശുപത്രിയിൽ ഒന്നിച്ചുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. നിപയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്തിട്ടുണ്ട്. മരിച്ചവരുടെ സമ്പർക്കത്തിലുള്ള ആളുകളെ കണ്ടെത്തി റിസ്ക് അനുസരിച്ച് കാറ്റഗറി ചെയ്യണം. ആ പ്രവർത്തനം നടക്കുകയാണ്.
നിപ പരിശോധന ഫലം ഇന്ന് വൈകീട്ടോടെയാണ് ലഭ്യമാവുക. മരിച്ച വ്യക്തികളുടെ പ്രദേശത്ത് നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ പനിയുടെ സാഹചര്യത്തെ കുറിച്ചും, മുമ്പ് അസ്വാഭാവിക പനിമരണങ്ങളുണ്ടായോയെന്നും പരിശോധിക്കും.
ആദ്യം മരിച്ചയാൾക്ക് ലിവർ സിറോസിസ് എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് അസ്വാഭാവികത കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ മകൻ പനി ബാധിച്ച് വെന്‍റിലേറ്ററിലാണ് കഴിയുന്നത്. ബന്ധുക്കൾക്കും പനിയുണ്ട്. ചികിത്സയിലുള്ള നാലുപേരുടെയും മരിച്ചയാളുടെയും സാംപിളുകളാണ് പരിശോധനക്കായി അയച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.