അതിരപ്പിള്ളി: ചാലക്കുടിപ്പുഴയില്‍ കുടുങ്ങിയ കാട്ടാനക്ക് ൈവദ്യുതി- വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിൽ പുനർജന്മം. വെള്ളത്തില്‍ കുടുങ്ങിയ ആന രക്ഷപ്പെടാനുള്ള സ്വയം ശ്രമങ്ങൾ പരാജയപ്പെട്ട് ഒഴുകിപ്പോകാറായ ഘട്ടത്തിലാണ് പെരിങ്ങല്‍കുത്ത് ഡാമിെൻറ ഷട്ടറുകള്‍ അടച്ച് രക്ഷപ്പെടുത്തിയത്. ഒരു മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നീണ്ടു. ആനത്താരയിൽ രാത്രിയില്‍ പുഴ മുറിച്ച് കടക്കുന്നതിനിടെയാകാം കുടുങ്ങിയത്. ആന ഒഴുക്കിൽപെട്ടിരുന്നെങ്കിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്ന് താഴേക്ക് പതിക്കുമായിരുന്നു.
വാഴച്ചാലിനും അതിരപ്പിള്ളിക്കും ഇടയില്‍ ചാലക്കുടിപ്പുഴയില്‍ ചാര്‍പ്പ ഭാഗത്താണ് തിങ്കളാഴ്ച രാവിലെ ആദിവാസികള്‍ ആനയെ കണ്ടെത്തിയത്. രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ട് പുഴയിലെ പാറയില്‍ കയറി നില്‍ക്കുകയായിരുന്നു. ആദിവാസികള്‍ വിവരം അറിയിച്ച പ്രകാരം ചാര്‍പ്പ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ എത്തിയ വനപാലകര്‍ പുഴയില്‍നിന്ന് കയറ്റിവിടാന്‍ ചില പൊടിക്കൈകൾ പയറ്റിയെങ്കിലും വിജയിച്ചില്ല. ഇടക്ക് പുഴയിലേക്കിറങ്ങുന്ന ആന ശക്തമായ ഒഴുക്കും ആഴക്കൂടുതലും നിമിത്തം പാറയിലേക്ക് തന്നെ പിന്‍വലിഞ്ഞു. പെരിങ്ങല്‍കുത്ത് ഡാം ഷട്ടറുകള്‍ തുറന്നതിനാൽ പുഴയിൽ കുത്തൊഴുക്കായിരുന്നു.
വെള്ളം ഒഴുക്ക് ശക്തിപ്പെട്ട് അധികം താമസിയാതെ ആന ഒഴുകിപ്പോകുമെന്ന് മനസ്സിലാക്കിയ വനപാലകര്‍ പെരിങ്ങല്‍ക്കുത്ത് ഡാം അധികൃതരെ ബന്ധപ്പെട്ടു. എന്നാല്‍ ഷട്ടര്‍ താഴ്ത്താന്‍ വൈദ്യുതിവകുപ്പ് അധികൃതരുടെ നിര്‍ദേശം ലഭിക്കണമെന്ന് തടസ്സം ഉയർന്നു. മൂന്ന് ഷട്ടറുകള്‍ താഴ്ത്തിയാല്‍ മാത്രമെ പുഴയിലെ ജലനിരപ്പ് താഴുകയുള്ളൂ. കനത്ത നീരൊഴുക്കുള്ള ഡാമിൽ അര മണിക്കൂറിൽ ജലനിരപ്പ് ഒരു മീറ്റര്‍ ഉയരുമെന്നത് പ്രധാന തലവേദനയായി.
ഗൗരവാവസ്ഥ മനസ്സിലാക്കിയ വൈദ്യുതി വകുപ്പ് രാവിലെ പത്തോടെ ഷട്ടറുകള്‍ താഴ്ത്തി. കാൽമണിക്കൂറിൽ ചാര്‍പ്പ ഭാഗത്തെ വെള്ളം കുറഞ്ഞു തുടങ്ങി. വെള്ളം നന്നായി കുറഞ്ഞപ്പോഴും കാട്ടാന പാറയില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഒടുവില്‍ വനപാലകര്‍ക്ക് മറ്റൊരു പൊടിക്കൈ പ്രയോഗിക്കേണ്ടി വന്നു. പടക്കം പൊട്ടിച്ച് ഭയപ്പെടുത്തിയതോടെ കാട്ടാന പേടിച്ച് പുഴ കടന്ന് ജീവിതത്തിലേക്ക് പാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.