കൊച്ചി: കോവിഡ് പ്രോട്ടോേക്കാൾ ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് സന്ദർശിക്കുന്നതിൽനിന്ന് കേരളത്തിലെ എം.പിമാരെ വിലക്കിയ ദ്വീപ് ഭരണകൂടം, അഡ്മിനിസ്ട്രേറ്റർക്കും സംഘത്തിനും ഈ നിയന്ത്രണം ബാധകമാക്കാത്തതിനെതിരെ ഹൈകോടതി. ചിലർക്ക് പ്രവേശനം നൽകുകയും എം.പിമാർ അടക്കമുള്ളവർക്ക് നിഷേധിക്കുകയും ചെയ്യുന്ന ഇരട്ട നിലപാട് അനുവദിക്കാനാവില്ലെന്ന് ഹൈകോടതി വ്യക്തമാക്കി.
ലക്ഷദ്വീപിലേക്ക് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി പാർലമെൻറ് അംഗങ്ങൾക്ക് പ്രവേശനം തടയാനാവില്ല. ദ്വീപിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ലേയെന്ന് ആരാഞ്ഞ ജസ്റ്റിസ് വി.ജി. അരുൺ, എം.പിമാർക്ക് പ്രവേശനം നിഷേധിച്ചതിന് ലക്ഷദ്വീപ് ഭരണകൂടത്തിെൻറ വിശദീകരണം തേടി. ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ എം.പിമാരായ ടി.എൻ. പ്രതാപൻ, ഹൈബി ഇൗഡൻ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിശദീകരണം നൽകാൻ ലക്ഷദ്വീപ് അധികൃതർ സമയം തേടിയതിനെത്തുടർന്ന് ഹരജി ജൂൺ 23ന് പരിഗണിക്കാൻ മാറ്റി.
ലക്ഷദ്വീപിലെ പുതിയ പരിഷ്‌കാരങ്ങളെത്തുടർന്ന് ദുരിതമനുഭവിക്കുന്നവരെ നേരിട്ട് കാണാനും പ്രശ്നങ്ങൾ കേൾക്കാനുമാണ് ഹരജിക്കാരായ എം.പിമാർ അവിടേക്ക് പോകാൻ അപേക്ഷ നൽകിയത്. ദ്വീപിൽ കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ ഏഴുദിവസം ക്വാറൻറീനിൽ കഴിയേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചെന്നാണ് ഹരജിക്കാരുടെ വാദം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏഴുദിവസം ക്വാറൻറീനിൽ കഴിയാൻ തയാറാണെന്നും ഇവർ വ്യക്തമാക്കി. എന്നാൽ, അപേക്ഷ നിരസിച്ചിട്ടില്ലെന്നും സന്ദർശനം നീട്ടിവെക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷെൻറ അഭിഭാഷകൻ വാദിച്ചു.
ലക്ഷദ്വീപിൽ കഴിഞ്ഞ ദിവസം എത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിനൊപ്പം ഒരു സംഘമുണ്ടെന്നും കോവിഡ് നിയന്ത്രണങ്ങൾ ഇവർക്ക് ബാധകമാക്കിയിട്ടില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിലാണ് ഇരട്ട സമീപനം ശരിയല്ലെന്ന് കോടതി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.