എസ്.എഫ്.ഐ.ഒ അന്വേഷണം കെ.എസ്.ഐ.ഡി.സി സ്വാഗതംചെയ്യണമെന്ന് ഹൈകോടതി

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) നടത്തുന്ന അന്വേഷണത്തെ കെ.എസ്.ഐ.ഡി.സി സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്ന് ഹൈകോടതി. സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്‌.ഐ.ഡി.സി.ക്ക് എന്താണ് ഒളിക്കാനുള്ളത്.

കെ.എസ്.ഐ.ഡി.സിയുടെ ഓഹരി പങ്കാളിത്തം സി.എം.ആർ.എൽ കമ്പനിയിലുണ്ട്. അതിനാൽ ഉത്തരവാദിത്തത്തില്‍നിന്ന് കെ.എസ്.ഐ.ഡി.സിക്ക് ഒഴിയാനാവില്ല.സത്യം കണ്ടെത്താനാണ് അന്വേഷണം. ശുദ്ധമായ കൈകളോടെ വേണം കെ.എസ്.ഐ.ഡി.സി കോടതിയെ സമീപിക്കാനെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് സി.എം.ആർ.എൽ പ്രതിഫലം നൽകിയെന്ന പരാതിയിൽ നടക്കുന്ന അന്വേഷണം ചോദ്യംചെയ്ത് കെ.എസ്.ഐ.ഡി.സി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

ഡയറക്ടർ ബോർഡിൽ നോമിനിയുണ്ടായിട്ടും അനധികൃത പണമിടപാടുകളുടെ കാര്യത്തിൽ കെ.എസ്.ഐ.ഡി.സി.യെ സി.എം.ആർ.എൽ ഇരുട്ടിൽ നിർത്തിയെങ്കിൽ അതിന് ഏറെ ഗൗരവമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇന്ററിം സെറ്റിൽമെന്‍റ് ബോർഡിന്‍റെ റിപ്പോർട്ട് കിട്ടിയശേഷമാണോ സി.എം.ആർ.എൽ നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച് കെ.എസ്.ഐ.ഡി.സി അറിഞ്ഞതെന്നും ആരാഞ്ഞു. കെ.എസ്.ഐ.ഡി.സി കൈകാര്യം ചെയ്യുന്നത് പൊതുപണമാണ്. ഒന്നും ഒളിച്ചുവെക്കരുതെന്നും കോടതി പറഞ്ഞു.

ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നായിരുന്നു കെ.എസ്.ഐ.ഡി.സിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ സി.എസ്. വൈദ്യനാഥന്റെ മറുപടി. അന്വേഷണം കമ്പനിയുടെ വിശ്വാസ്യതയെയാണ് ബാധിക്കുന്നത്. ഏതെങ്കിലും സാമ്പത്തിക ക്രമക്കേടില്‍ പങ്കാളിയല്ല. സി.എം.ആർ.എല്ലിലും എക്‌സാലോജിക്കിലും നടത്തുന്ന അന്വേഷണത്തോട് എതിര്‍പ്പില്ല. മറ്റൊരു കക്ഷിയുടെയും കാര്യം നോക്കേണ്ടതില്ലെന്നുമായിരുന്നു കെ.എസ്.ഐ.ഡി.സിയുടെ വിശദീകരണം.

തങ്ങൾക്കെതിരായ അന്വേഷണത്തെ മാത്രമേ എതിർക്കുന്നുള്ളൂവെന്നും അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ നടപടി സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്നും കെ.എസ്.ഐ.ഡി.സി വിശദീകരിച്ചു. 

Tags:    
News Summary - High Court Criticizes KSIDC’s Response to SFIO Inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.