കൊച്ചി: വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായിരുന്ന ബി. മുഹമ്മദ് ജമാലിന് തൽസ്ഥാനത്ത് താൽക്കാലികമായി തുടരാമെന്ന് ഹൈകോടതി. 56 വയസ്സായതിനെ തുടർന്ന് സി.ഇ.ഒ സ്ഥാനത്തുനിന്ന് പുറത്താക്കിയ സർക്കാർ നടപടി ചോദ്യം ചെയ്തും 58 വയസ്സുവരെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും നൽകിയ ഹരജി തള്ളിയതിനെതിരെ ജമാൽ നൽകിയ അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ടി.ആർ. രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്. ഹരജിയിലെ അന്തിമവിധിക്ക് വിധേയമായി ഒരു മാസത്തേക്കാണ് ഉത്തരവിെൻറ കാലാവധി.
2020 നവംബർ 21ന് സി.ഇ.ഒക്ക് 56 വയസ്സ് തികയുന്നത് ചൂണ്ടിക്കാട്ടി വഖഫ് ബോർഡ് ചെയർമാന് ലഭിച്ച നിവേദനം സർക്കാറിലേക്ക് അയച്ചിരുന്നു. 58 വയസ്സുവരെ തുടരാൻ അർഹതയുണ്ടെന്ന് അവകാശപ്പെട്ട് ഹരജിക്കാരനും നിവേദനം നൽകി. എന്നാൽ, 56 തികഞ്ഞതിനാൽ ഹരജിക്കാരനെ സി.ഇ.ഒ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിട്ടു.
തുടർന്നാണ് സമാന ആവശ്യമുന്നയിച്ച് സിംഗിൾ ബെഞ്ചിെന സമീപിച്ചത്. ആവശ്യം തള്ളിയ കോടതി, കേന്ദ്ര വഖഫ് ബോർഡ് സെക്രട്ടറി സ്ഥാനത്തേക്ക് ശിപാർശ ചെയ്യാൻ നിർദേശിക്കണമെന്ന ആവശ്യവും നിരസിച്ചു. ഇതിനെതിരെയാണ് ഡിവിഷൻ ബെഞ്ചിെന സമീപിച്ചത്.
2001 ജൂൺ13ന് സി.ഇ.ഒ ആയി നിയമിക്കുന്ന സമയത്തും അതിന് ശേഷവും ചട്ടപ്രകാരം വിരമിക്കൽ പ്രായം 58 ആയിരുന്നെന്നും 2020 ഡിസംബറിലാണ് ഇത് 56 ആക്കി നിയമം കൊണ്ടുവന്നതെന്നുമായിരുന്നു അപ്പീൽ ഹരജിയിലെ വാദം. 56 വയസ്സ് അടിസ്ഥാനമാക്കിയാൽ വിരമിക്കേണ്ടിയിരുന്ന 2020 നവംബറിനുശേഷമാണ് നിയമം കൊണ്ടുവന്നതെന്നും വാദിച്ചു. പ്രഥമദൃഷ്ട്യാ ഇത് പരിഗണിച്ച കോടതി കൂടുതൽ വാദത്തിന് കേസ് മാറ്റി. തുടർന്നാണ് താൽക്കാലികമായി സി.ഇ.ഒ സ്ഥാനത്ത് തുടരാൻ ഇടക്കാല ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.