‘ഹൈകോടതി ഇടപെടൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി’; അരിക്കൊമ്പൻ വിഷയത്തിൽ കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഇടുക്കി ചിന്നക്കനാലില്‍ നാശം വിതക്കുന്ന അരിക്കൊമ്പൻ വിഷയത്തിൽ ഹൈകോടതി ഇടപെടലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഹൈകോടതി ഇടപെടൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരികൊമ്പനുമായി ബന്ധപ്പെട്ട് ഹൈകോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

1971ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ നടപടിയെടുക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ഈ തീരുമാനത്തിൽ ഹൈകോടതി ഇടപെട്ടത് തെറ്റാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.

ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പൻ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ ഏഴുപേർ കൊല്ലപ്പെട്ടു. 2017ൽ മാത്രം 52 വീടുകളും കടകളും തകർത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് റേഷൻ കടകളും 22 വീടുകളും ആറ് കടകളും തകർത്തു. എന്നാൽ, ഏഴുപേരെ കൊലപ്പെടുത്തിയത് പോലും കണക്കിലെടുക്കാൻ ഹൈകോടതി തയാറായില്ലെന്ന് അപ്പീലിൽ സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തി.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ അവകാശം പോലും ഹൈകോടതി കണക്കിലെടുത്തില്ല. എല്ലാ വനപ്രദേശത്തിന്റെയും 20 മുതൽ 30 കിലോമീറ്ററിനുള്ളിൽ ജനങ്ങൾ വസിക്കുന്നതിനാൽ മറ്റൊരു വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റുന്നത് പ്രായോഗികമല്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. സ്റ്റാൻഡിങ് കൗൺസൽ സി.കെ. ശശിയാണ് സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

അതേസമയം, അരിക്കൊമ്പൻ കേസിൽ സുപ്രീംകോടതിയിൽ മൃഗസ്നേഹികളുടെ സംഘടന തടസ്സഹരജിയും സമർപ്പിച്ചിട്ടുണ്ട്. ‘വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി’ എന്ന സംഘടനയാണ് അഭിഭാഷകൻ ജോൺ മാത്യു വഴി ഹരജി ഫയൽ ചെയ്തത്. സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് സംഘടനക്കായി സുപ്രീംകോടതിയിൽ ഹാജരാകും. ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകുന്ന ഹരജിയിൽ ഇടക്കാല ഉത്തരവ് നൽകുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്നാണ് ഇതിലെ ആവശ്യം.

Tags:    
News Summary - 'High Court interference threatens people's lives and property'; Kerala in the Supreme Court on the Arikomban issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.