വാഹന രൂപമാറ്റം പ്രോത്സാഹിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും നടപടി -ഹൈകോടതി

കൊച്ചി: വാഹനങ്ങൾ രൂപമാറ്റം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്ന വ്ലോഗർമാർക്കെതിരെയും നടപടി വേണമെന്ന് പൊലീസിന് നിർദേശം നൽകി ഹൈകോടതി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വലിയ രീതിയിൽ രൂപമാറ്റം വരുത്തി വിഡിയോകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ രൂപമാറ്റം വരുത്തിയ സർക്കാർ വാഹനങ്ങൾ ഉൾപ്പെടെയുള്ളവക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി നിർദേശം നൽകി. കാർനെറ്റ് വഴി വിദേശത്തുനിന്ന് എത്തിക്കുന്ന വാഹനങ്ങളും പരിശോധിക്കണം. അനധികൃതമായ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉടമകൾക്കെതിരെയും വിഡിയോകൾ പ്രചരിപ്പിച്ച് രൂപമാറ്റത്തിന് പ്രോത്സാഹനം നൽകുന്ന യൂട്യൂബർമാർക്കെതിരെയും വ്ലോഗർമാർക്കെതിരെയും നടപടി സ്വീകരിക്കണം.

'എ.ജെ ടൂറിസ്റ്റ് ബസ് ലവർ', 'നസ്രു വ്ലോഗർ', 'നജീബ് സൈനുൽസ്', 'മോട്ടോർ വ്ലോഗർ' തുടങ്ങിയ യൂട്യൂബ് ചാനലുകളിലെ വിഡിയോകൾ കോടതി പരിശോധിച്ചു. പിടികൂടുന്ന വാഹനങ്ങളിൽ അനധികൃതമായ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് കോടതി പൊലീസിന് നിർദേശം നൽകിയത്.

ശബരിമല സ്പെഷൽ കമീഷണറുടെ 'സേഫ് സോൺ പ്രൊജക്ട്' റിപ്പോർട്ടിന്മേൽ കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് നിർദേശിച്ചിരിക്കുന്നത്. 

Tags:    
News Summary - High Court Orders Action Against Vloggers Found Promoting Use Of Modified Vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.