കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷൻ (എസ്.എഫ്.ഐ.ഒ) കേരള വ്യവസായ വികസന കോർപറേഷനെതിരെ (കെ.എസ്.ഐ.ഡി.സി) നടത്തുന്ന അന്വേഷണം തുടരട്ടെയെന്ന് ഹൈകോടതി. അന്വേഷണവുമായി കെ.എസ്.ഐ.ഡി.സി സഹകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. 135 കോടിയുടെ ക്രമക്കേട് നടന്ന കേസിൽ അന്വേഷണത്തിന് കെ.എസ്.ഐ.ഡി.സിതന്നെ ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. തങ്ങൾക്കെതിരായ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി.സി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന പരാതിയിൽ നടക്കുന്ന എസ്.എഫ്.ഐ.ഒ അന്വേഷണത്തിന്‍റെ ഭാഗമായി കെ.എസ്.ഐ.ഡി.സിയിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹരജി. എന്നാൽ, സി.എം.ആർ.എൽ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ തങ്ങളുടെ പ്രതിനിധിയുണ്ടെന്നതിനാൽ സി.എം.ആർ.എൽ നടത്തിയ ഇടപാടുകളെക്കുറിച്ച് കെ.എസ്.ഐ.ഡി.സിയും അറിയേണ്ടതാണെന്നും ഈ സാഹചര്യത്തിൽ അന്വേഷണം നടത്തരുതെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രമക്കേടിൽ സി.എം.ആർ.എല്ലിന്‍റെ വിശദീകരണം കെ.എസ്.ഐ.ഡി.സി തേടിയതുപോലും കോടതിയിൽ ഹരജി നൽകിയ ശേഷമാണ്. ഫെബ്രുവരി ഏഴിനാണ് വിഷയത്തിൽ ഹൈകോടതിയുടെ ആദ്യ ഉത്തരവുണ്ടാകുന്നത്. കെ.എസ്.ഐ.ഡി.സി വിശദീകരണം തേടിയത് ഫെബ്രുവരി 21 നാണ്. അന്വേഷണം കെ.എസ്.ഐ.ഡി.സിക്ക് സഹായകരമാണ്. ഇതിലൂടെ ഇരയാണെന്ന് ഹരജിക്കാർ തെളിയിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
സി.എം.ആർ.എൽ, വീണ വിജയന്‍റെ എക്സാലോജിക് സൊല്യൂഷൻസ്, കെ.എസ്.ഐ.ഡി.സി എന്നിവക്കെതിരെയാണ് അന്വേഷണമെന്ന് എസ്.എഫ്.ഐ.ഒക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടത്. അന്വേഷണ ഭാഗമായി കർശന നടപടി സ്വീകരിക്കില്ല. അന്വേഷണശേഷം കേന്ദ്ര സർക്കാറിനാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും എസ്.എഫ്.ഐ.ഒ വിശദീകരിച്ചു. തുടർന്ന് ഹരജി വീണ്ടും ഏപ്രിൽ അഞ്ചിന് പരിഗണിക്കാൻ മാറ്റി. കെ.എസ്.ഐ.ഡി.സിക്ക് വേണ്ടി ഹാജരാകുന്ന സുപ്രീം കോടതി അഭിഭാഷകൻ സി.എസ്. വൈദ്യനാഥന്‍റെ വ്യക്തിപരമായ അസൗകര്യം പരിഗണിച്ചാണ് ഹരജി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.