കൊച്ചി: ലൈംഗികപീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും മാനസിക പിന്തുണ ഉറപ്പുവരുത്താനും സമഗ്ര പെരുമാറ്റച്ചട്ടം (പ്രോട്ടോകോൾ) വേണമെന്ന് ഹൈകോടതി. വൈദ്യ-നിയമ സഹായങ്ങളും ലഭ്യമാക്കണം. അടിയന്തരസഹായം തേടി വിളിക്കാൻ 112 എന്ന ടോൾ ഫ്രീ നമ്പർ സർക്കാർ വ്യാപകമായി പ്രചരിപ്പിക്കണമെന്നതടക്കം10 നിർദേശങ്ങളും പുറപ്പെടുവിച്ചു. പീഡനക്കേസ് ഒത്തുതീർക്കാൻ പൊലീസ് നിർബന്ധിക്കുന്നെന്ന് ആരോപിച്ച് ഒരു കേസിലെ ഇര നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവർ അനുഭവിക്കുന്ന പീഡയാണ് ഏറ്റവും ദുരിതപൂർണമായിട്ടുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടു. ദുരിതങ്ങൾ പങ്കുവെക്കാൻപോലും ഇവർക്ക് പലപ്പോഴും കഴിയുന്നില്ല. സമൂഹത്തിന്റെ പരിഹാസവും മറ്റും സഹിക്കേണ്ടിവരുന്നു. ''എന്നിലെ എല്ലാം നശിപ്പിക്കപ്പെട്ടു എന്ന തോന്നലാണുള്ളത്, ഇപ്പോഴുള്ളത് വെറും പുറന്തോട് മാത്രം'' എന്നാണ് ഒരു ഇര പ്രതികരിച്ചത്. ഈ വിഷാദ അവസ്ഥയിൽനിന്ന് പുറത്തുകടക്കാനായില്ലെങ്കിൽ പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്താനാകില്ല.
പീഡനങ്ങൾക്കിരയാവുന്നവർ 112 എന്ന നമ്പറിലോ പൊലീസിന്റെ 100 എന്ന ടോൾ ഫ്രീ നമ്പറിലോ വിളിച്ചാൽ അവർ നൽകുന്ന വിവരങ്ങൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. ഈ സംവിധാനം നിലവിലുണ്ടെന്ന് സർക്കാർ അറിയിച്ചു. കാളുകൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരെ നിയോഗിക്കണം. വിവരം ലഭിച്ചാൽ ഇരയെ ബന്ധപ്പെടാൻ പൊലീസ് സ്റ്റേഷനിൽനിന്ന് അടിയന്തര നടപടിയെടുക്കണം.
സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താതെ നേരിൽകാണുകയോ ഫോണിൽ വിളിക്കുകയോ ചെയ്യണം. വീട്ടിലെത്തിയോ ഇര ആവശ്യപ്പെടുന്ന സ്ഥലത്തെത്തിയോ വേണം മൊഴി രേഖപ്പെടുത്താൻ. രക്ഷിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ സാമൂഹിക പ്രവർത്തകന്റെയോ സാന്നിധ്യത്തിലാവണം മൊഴിയെടുപ്പ്.
കേസെടുത്താൽ ഇരക്ക് സംരക്ഷണവും പിന്തുണയും നൽകാൻ വിക്ടിം ലെയ്സൺ ഓഫിസറെ ചുമതലപ്പെടുത്തണം. മാനസികവും ശാരീരികവുമായ പരിചരണം ഉറപ്പുവരുത്താൻ വൺ സ്റ്റോപ് ക്രൈസിസ് സെന്ററിന്റെയും വിക്ടിം റൈറ്റ് സെന്ററിന്റെയും നമ്പറുകൾ നൽകണം. 24 മണിക്കൂറും ഇവയുടെ സേവനം ഉറപ്പു വരുത്തണം. ഈ സെന്ററുകളിൽ നിയമസഹായവും ഉറപ്പാക്കണം. അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും ആത്മവിശ്വാസത്തോടെ നടപടികൾ സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കുകയും വേണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.