കോടതി റിപ്പോര്‍ട്ടിങ് നിലച്ചിട്ട് രണ്ടാഴ്ച; നിര്‍ണായക വിവരങ്ങളറിയാതെ ജനം

കൊച്ചി: അഭിഭാഷക-മാധ്യമ സംഘര്‍ഷത്തെ തുടര്‍ന്ന് കോടതി റിപ്പോര്‍ട്ടിങ് നിലച്ചിട്ട് രണ്ടാഴ്ച. നിര്‍ണായക ഉത്തരവുകള്‍ വാര്‍ത്തയാകാതെപോകുന്നത് പൊതുസമൂഹത്തിന് തിരിച്ചടിയാകുമ്പോള്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് അത് ലാഭമാവുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിര്‍ണായക ചര്‍ച്ചകളും ഉത്തരവുകളും മറ്റും കോടതിയിലുണ്ടായിട്ടുണ്ട്. ഇവയൊന്നും വാര്‍ത്തയായില്ളെന്നുമാത്രം. പൊലീസ് കംപ്ളയിന്‍റ് അതോറിറ്റിക്ക് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനുള്ള അധികാരവുമായി ബന്ധപ്പെട്ട വിധി, പാറമടക്കെതിരായ ജനരോഷത്തെ പിന്തുണച്ചുള്ള വിധി, വി.എസ്. അച്യുതാനന്ദന്‍െറ പുതിയ സ്ഥാനലബ്ധിക്ക് എതിരായ ഹരജിയില്‍ സര്‍ക്കാറിന്‍െറ നിലപാട് അറിയിക്കല്‍ തുടങ്ങി പൊതുജനവും രാഷ്ട്രീയ കേരളവും അറിയേണ്ട പലതും ഈ ദിവസങ്ങളില്‍ ഹൈകോടതിയില്‍ ഉണ്ടായിട്ടുണ്ട്. കോഴിക്കോട് കോടതിയില്‍ ഐസ്ക്രീം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ എന്തു നിലപാട് സ്വീകരിക്കണമെന്നത് ഉള്‍പ്പെടെ സര്‍ക്കാറിനെ വെട്ടിലാക്കുന്ന കാര്യങ്ങളും അരങ്ങേറുന്നുണ്ട്.

ഇവയെല്ലാം മാധ്യമ ചര്‍ച്ചയായിരുന്നുവെങ്കില്‍ വിയര്‍ക്കുക ഭരണമുന്നണി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സഖ്യങ്ങളാകും.  അതേസമയം, ഏറെ രാഷ്ട്രീയ പ്രാധാന്യമില്ലാത്ത വാര്‍ത്തകള്‍ തമസ്കരിക്കപ്പെടുന്നത് സഹായകമാവുക പാറമട ലോബി ഉള്‍പ്പെടെയുള്ളവര്‍ക്കും.
കോടതി ഉത്തരവുകള്‍ പുറത്തറിയാത്തത് ജനകീയ സമരങ്ങള്‍ നടത്തുന്നവരെയാണ് ഏറെ പ്രയാസപ്പെടുത്തുന്നത്. തങ്ങള്‍ നടത്തിയ സമരത്തിന്‍െറ വിജയം പൊതുജനം അറിയാത്തതാണ് പ്രശ്നം. മാത്രമല്ല, പല കോടതി ഉത്തരവുകളുടെയും ബലത്തില്‍ പൊലീസ് നടപടികള്‍ സ്വീകരിക്കാറുണ്ട്. ഉത്തരവ് വാര്‍ത്തയായില്ളെങ്കില്‍ പൊലീസ് നടപടി നേരിടുമ്പോള്‍ മാത്രമാകും കോടതി ഉത്തരവിന്‍െറ കാര്യം ജനം അറിയുക. മുന്‍കരുതല്‍ സ്വീകരിക്കാന്‍പോലും കഴിയാത്ത അവസ്ഥ വരും. ജൂലൈ 19ന് തുടങ്ങിയ കോടതി റിപ്പോര്‍ട്ടിങ് താളംതെറ്റല്‍ 14 ദിവസത്തിനുശേഷവും തുടരുകയാണ്.

 ഹൈകോടതിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയിട്ടില്ളെന്ന് രജിസ്ട്രാര്‍ ജനറല്‍ കഴിഞ്ഞ ദിവസം വിശദീകരണക്കുറിപ്പ് ഇറക്കിയെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ഹൈകോടതി മന്ദിരത്തില്‍ കടന്നുചെല്ലാവുന്ന സ്ഥിതിവിശേഷം ഇനിയും രൂപപ്പെട്ടിട്ടില്ല.
സംഘര്‍ഷസ്ഥിതി നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ വരേണ്ടതില്ളെന്നും പല മുതിര്‍ന്ന അഭിഭാഷകരും സുഹൃത്തുക്കളായ മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് അറിയിക്കുന്നുമുണ്ട്. ജഡ്ജിമാരുടെ വിരമിക്കല്‍, പുതുതായി ചുമതലയേല്‍ക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ നടക്കുമ്പോള്‍ ദൃശ്യ-അച്ചടി മാധ്യമങ്ങളെ ഒൗദ്യോഗിമായിത്തന്നെ ക്ഷണിക്കാറുമുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം ഹൈകോടതി ജഡ്ജി വിരമിച്ചപ്പോഴും തിങ്കളാഴ്ച ആക്ടിങ് ചീഫ് ജസ്റ്റിസ് ചുമതലയേറ്റപ്പോഴും ഇത്തരം ക്ഷണവും ഉണ്ടായില്ല. അതേസമയം, കഷ്ടപ്പെട്ട് വാദിച്ച് ജയിച്ച കേസുകളുടെ വിശദാംശങ്ങള്‍ വാര്‍ത്തയായി വരാത്തതില്‍ ഒരുവിഭാഗം അഭിഭാഷകരും നിരാശയിലാണ്. പലരും കോടതി ലേഖകരെ ഒഴിവാക്കി പ്രാദേശിക ലേഖകര്‍ വഴി മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്താനും ശ്രമിക്കുന്നുണ്ട്.

 

Tags:    
News Summary - high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.