മൂല്യനിര്‍ണയത്തില്‍ നിസ്സഹകരണം; സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പ്രതിസന്ധി

കോഴിക്കോട്: ഉത്തരക്കടലാസ് മൂല്യനിര്‍ണയ ഇനത്തില്‍ സര്‍വകലാശാല- കോളജ് അധ്യാപകര്‍ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടതോടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പ്രതിസന്ധി. ഉത്തരവില്‍ പ്രതിഷേധിച്ച് മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന് അധ്യാപകര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ക്യാമ്പ് ബഹിഷ്കരണം വിവിധ കോഴ്സുകളുടെ ഫലപ്രഖ്യാപനത്തെ ബാധിക്കുമെന്നുറപ്പായി.

സര്‍വകലാശാല-കോളജ് അധ്യാപകര്‍ക്കുള്ള യു.ജി.സി ശമ്പള കുടിശ്ശികയുടെ നാലാം ഗഡുവില്‍നിന്ന് 20ശതമാനം കഴിച്ച് ബാക്കി തുക വിതരണം ചെയ്യാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസിന്‍െറ ഉത്തരവ്. കുടിശ്ശികയുടെ 80ശതമാനം ഓരോ അധ്യാപകനും നല്‍കിയാല്‍ മതിയെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാലകള്‍ക്കും കൊളീജിയറ്റ് എജുക്കേഷന്‍, ടെക്നിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്കും നിര്‍ദേശവും നല്‍കി. മൂല്യനിര്‍ണയം അധ്യാപനത്തിന്‍െറ ഭാഗമായതിനാല്‍ അധ്യാപകര്‍ കൂടുതല്‍ തുക കൈപ്പറ്റിയിട്ടുണ്ടെന്ന സംസ്ഥാന അക്കൗണ്ടന്‍റ് ജനറലിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉത്തരവിറക്കിയത്. മൂന്നുമാസത്തിനകം ഉത്തരവ് നടപ്പാക്കണം.

യു.ജി.സി നിബന്ധന നേരത്തേയുണ്ടെങ്കിലും കുടിശ്ശികയില്‍നിന്ന് തിരിച്ചുപിടിക്കുമെന്ന നിര്‍ദേശം അധ്യാപകര്‍ക്ക് ഇരുട്ടടിയായി. പ്രൈവറ്റ്- വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്‍െറ ഉത്തരക്കടലാസും മൂല്യനിര്‍ണയം നടത്തുന്നതിനാല്‍ ഉത്തരവ് അംഗീകരിക്കാനാവില്ളെന്നാണ് അധ്യാപകരുടെ നിലപാട്. അധ്യാപക ബഹിഷ്കരണം കാരണം കാലിക്കറ്റില്‍ ഡിഗ്രിയുടെ രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പ് തടസ്സപ്പെട്ടു.

കാലിക്കറ്റില്‍ ഇനി തുക അനുവദിക്കില്ളെന്ന് വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. കേരളയിലും അധ്യാപകര്‍ നിസ്സഹകരണത്തിലാണ്. റെഗുലര്‍ വിദ്യാര്‍ഥികളുടേതിന് പ്രതിഫലം നിര്‍ത്താനും പ്രൈവറ്റിലേതിന് കൂട്ടാനുമാണ് കേരളയിലെ ശ്രമം. മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങുന്നതിനു മുമ്പേ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതായും അധ്യാപക സംഘടനകളുടെ യോഗം വിളിക്കുമെന്നും കേരള പ്രോ-വി.സി ഡോ. എന്‍. വീരമണികണ്ഠന്‍ പറഞ്ഞു.

എം.ജിയിലും അധ്യാപകരുടെ എതിര്‍പ്പുണ്ടെന്നും അടുത്ത സിന്‍ഡിക്കേറ്റ് ഉചിത നടപടി കൈക്കൊള്ളുമെന്നും പ്രോ-വി.സി ഡോ. ഷീന ഷുക്കൂര്‍ പറഞ്ഞു. അധ്യാപകരുടെ കുറവ് നേരിടുന്ന വേളയില്‍ ക്യാമ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചാല്‍ പ്രശ്നം ഗുരുതരമാവുമെന്നും അവര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉത്തരവ് നടപ്പാക്കാന്‍ തീരുമാനിച്ചതായി വി.സി ഡോ. ഖാദര്‍ മങ്ങാട് പറഞ്ഞു.

 

Tags:    
News Summary - higher education sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.