കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. കമ്പനി മാനേജിങ് ഡയറക്ടർ കെ.ഡി. പ്രതാപനടക്കം 37 പേരെ പ്രതികളാക്കിയാണ് എറണാകുളം പ്രത്യേക കോടതി (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കോടതി) മുമ്പാകെ കുറ്റപത്രം നൽകിയത്. പ്രതാപനെ കൂടാതെ ഭാര്യ ശ്രീന, പ്രധാന പ്രമോട്ടർമാരായ റീത്ത, റിയാസ്, സിന്ധു പ്രകാശ്, ദിലീപ് ഷാജു, ടി.പി. അനിൽ കുമാർ, സുരേഷ് ബാബു, ദിനുരാജ്, ഫിജിഷ് കുമാർ, അമ്പിളി എബ്രഹാം, പി. ഗംഗാധരൻ, വി.എ. സമീർ, ടി.ജെ. ജിനിൽ, ടി.എം. കനകരാജ്, എം. ബഷീർ, പി. ലക്ഷ്മണൻ, ഷമീന, മുനവ്വർ, പ്രശാന്ത് പി. നായർ തുടങ്ങിയവരാണ് പ്രതിചേർക്കപ്പെട്ട മറ്റുള്ളവർ.
ആകെ 1651.65 കോടിയുടെ തട്ടിപ്പ് നടന്നതായാണ് ഇ.ഡിയുടെ ആരോപണം. പ്രതാപൻ അടക്കമുള്ളവരുടെ 33.7 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ആകെ 277 കോടിയുടെ സ്വത്ത് മരവിപ്പിച്ചിട്ടുമുണ്ട്. ഹൈറിച്ച് ഗ്രോസറി ബിസിനസ്, ഫാം സിറ്റി, എച്ച്.ആർ ക്രിപ്റ്റോ, എച്ച്.ആർ ഒ.ടി.ടി തുടങ്ങിയ പദ്ധതികളുടെ പേരിലാണ് ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചത്. ഓരോ പദ്ധതിയിലും നിക്ഷേപമെന്ന നിലയിൽ സ്വരൂപിച്ച പണം മറ്റാവശ്യങ്ങൾക്കായി വകമാറ്റി കബളിപ്പിച്ചെന്നാണ് ആരോപണം. കുറ്റകൃത്യത്തിലുള്ള മറ്റ് പ്രമോട്ടർമാർക്കെതിരായ അന്വേഷണം തുടരുമെന്നും ഇ.ഡി വ്യക്തമാക്കി.
അഞ്ച് പെൻഡ്രൈവുകളിലായി 11,500 പേജുള്ള കുറ്റപത്രമാണ് കോടതിക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.