കോഴിക്കോട്: ‘തട്ടം വേണ്ട എന്ന് പറയുന്ന മുസ്‍ലിം പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തന ഫലമായാണ്’ എന്ന സി.പി.എം നേതാവ് അനിൽ കുമാറിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. സി.പി.എം രഹസ്യമായി നടപ്പിൽ വരുത്തുന്ന പദ്ധതിയെക്കുറിച്ച് അറിയാതെ പുറത്ത് പറഞ്ഞു എന്ന ഒരബദ്ധമാണ് അനിൽകുമാറിന് സംഭവിച്ചതെന്ന് ഷാജി അഭിപ്രായപ്പെട്ടു.
‘കാലങ്ങളായി വിശ്വാസികൾക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകൾ പദ്ധതികളാക്കി നടപ്പിൽ വരുത്തുന്ന സി.പി.എമ്മിന് രണ്ടു തരം പൊളിറ്റ് ബ്യൂറോകൾ ഉണ്ട്. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നൽകാനുള്ള തീരുമാനങ്ങളുമായി ഒരു സമിതിയും രഹസ്യ അജണ്ടകൾക്ക് മറ്റൊന്നും. രഹസ്യമായി നടപ്പിൽ വരുത്തുന്ന ഇത്തരം പദ്ധതികളിലൊന്ന് അറിയാതെ പുറത്ത് പറഞ്ഞു എന്ന ഒരബദ്ധമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്’ -ഷാജി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിൽ പ്രസംഗിക്കവേയാണ് അനിൽകുമാർ വിവാദ പ്രസ്താവന നടത്തിയത്. സംഘപരിവാർ നിർമ്മിതിയാണെന്ന് ഇടത് ബുദ്ധിജീവികൾ പോലും ആരോപിക്കുന്ന സംഘടനയുടെ വേദിയിൽ വെച്ചാണ് ഒരു സി.പി.എം പ്രതിനിധി മുസ്‍ലിം സമുദായത്തെ "പുരോഗമിപ്പിച്ച" വീരസ്യം വിളമ്പിയതെന്നും ഷാജി ചൂണ്ടിക്കാട്ടി.
‘ഒരു കാര്യം തെളിഞ്ഞല്ലോ? യുക്തിവാദികൾക്കിടയിൽ പോയി വിശ്വാസികൾക്ക് എതിരായി പറയാനും വിശ്വാസികളുടെ സമ്മേളനങ്ങളിൽ പങ്കെടുത്ത് പുകഴ്ത്താനും രണ്ടു ടീമുകൾ മാർക്സിസ്റ്റ് പാർട്ടി തയ്യാറാക്കിയിട്ടുണ്ട് എന്നത്. ഈ കമ്യൂണിസം നിഷ്കളങ്കമാണെന്ന് ഇനിയും നിഷകളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേ?’ -ഷാജി ചോദിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
മലപ്പുറത്തെ മുസ്‍ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനായി എന്നതാണ് സി.പി.എമ്മിന്റെ നേട്ടങ്ങളിൽ ഒന്നായി അനിൽ കുമാർ പറയുന്നത്. സി.പി.എം നേതാവ് അനിൽ കുമാറിന്റെ ഈ പ്രസ്താവന ഒറ്റപ്പെട്ടതാണെന്ന് കരുതാനാവില്ല. പുറത്ത് പറഞ്ഞതിൽ ഒന്ന് എന്ന നിലക്ക് ഒറ്റപ്പെട്ടതായി വാദിക്കാം.
കാലങ്ങളായി വിശ്വാസികൾക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകൾ പദ്ധതികളാക്കി നടപ്പിൽ വരുത്തുന്ന സി.പി.എമ്മിന് രണ്ടു തരം പൊളിറ്റ് ബ്യൂറോകൾ ഉണ്ട്. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നൽകാനുള്ള തീരുമാനങ്ങളുമായി ഒരു സമിതിയും രഹസ്യ അജണ്ടകൾക്ക് മറ്റൊന്നും. രഹസ്യമായി നടപ്പിൽ വരുത്തുന്ന ഇത്തരം പദ്ധതികളിലൊന്ന് അറിയാതെ പുറത്ത് പറഞ്ഞു എന്ന ഒരബദ്ധമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
തട്ടമിടൽ മാത്രല്ല, മുസ്‍ലിം പെൺകുട്ടികളുടെ പഠന പുരോഗതിയും സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് പ്രസംഗം പൂർണമായി കേൾക്കുന്നവർക്ക് വായിച്ചെടുക്കാനാവും.
ഇതിന് മറുപടി പറയേണ്ടത് മാർക്സിസ്റ്റ് പാർട്ടി ഒന്നിച്ചാണ്.
പുതിയ യുക്തിവാദ സംഘം സംഘപരിവാർ നിർമ്മിതിയാണെന്നും അവരുടെ പ്രധാന ശത്രു വിശ്വാസമല്ല ഇസ്‍ലാമാണ് എന്നും ഈ മേഖലയിൽ പഠനം നടത്തി പറയുന്നത് മുസ്‍ലിം സമുദായമല്ല.
ഈ ആരോപണം ഇടത് ബുദ്ധിജീവികൾക്കിടയിൽനിന്ന് പോലും പുറത്ത് വന്നിട്ടുണ്ട്. അങ്ങനെ ഒരു വേദിയിൽ വെച്ചാണ് ഒരു സി.പി.എം പ്രതിനിധി മുസ്‍ലിം സമുദായത്തെ "പുരോഗമിപ്പിച്ച" വീരസ്യം വിളമ്പിയത്.
ഒരു കാര്യം തെളിഞ്ഞല്ലോ? യുക്തിവാദികൾക്കിടയിൽ പോയി വിശ്വാസികൾക്ക് എതിരായി പറയാനും വിശ്വാസികളുടെ സമ്മേളനങ്ങളിൽ പങ്കെടുത്ത് പുകഴ്ത്താനും രണ്ടു ടീമുകൾ മാർക്സിസ്റ്റ് പാർട്ടി തയ്യാറാക്കിയിട്ടുണ്ട് എന്നത്. ഈ കമ്യൂണിസം നിഷ്കളങ്കമാണെന്ന് ഇനിയും നിഷകളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.