ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ്സ് ഏറ്റെടുക്കാന്‍ തയാർ; കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ്സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ തയാറാണെന്ന് കാണിച്ച് സംസ്ഥാന വ്യവസായ വകുപ്പ് കേന്ദ്ര സര്‍ക്കാറിന്  കത്തയച്ചു. വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി ആനന്ദ്  ഗീതെക്കാണ് കത്തയച്ചത്. 

കഴിഞ്ഞ അഞ്ചു വര്‍ഷമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എച്ച്എന്‍എല്‍. എന്നാല്‍ നാളിത് വരെയായും കേന്ദ്ര സര്‍ക്കാരില്‍ നിന്നോ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനില്‍ നിന്നോ യാതൊരു സഹായവും ലഭിച്ചിട്ടില്ല. മറിച്ച് കേരളം നഷ്ടം സഹിച്ചും ആവശ്യമായ അസംസ്‌കൃത പദാർഥങ്ങള്‍  കുറഞ്ഞ നിരക്കില്‍ ഈ സ്ഥാപനത്തിന് നല്‍കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ അവഗണനയും, ഉദാര-സ്വകാര്യവത്ക്കരണ നയവുമാണ് അവയെ നഷ്ടത്തിലേക്ക് തള്ളി വിട്ടത്.

കേരള മുഖ്യമന്ത്രി ഈ വിഷയം ഉന്നയിച്ച് നിരവധി തവണ കേന്ദ്രത്തിന് കത്തയച്ചിരുന്നു. മാത്രവുമല്ല ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ്സ് ഏറ്റെടുക്കാന്‍ നിയമസഭയുള്‍പ്പെടെ ഏകകണ്ഠമായി പ്രമേയവും പാസാക്കിയിരുന്നു. എന്നാല്‍ നാളിത് വരേയായി യാതൊരു അനുകൂല നിലപാടുകളും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ സ്ഥാപനം ലേലത്തില്‍ വെക്കാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. 

ഇതിനായി ട്രാന്‍സാക്ഷന്‍ അഡൈ്വസറെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍  നടപടികള്‍ കൈക്കൊള്ളുന്നതിന് മുമ്പ്  കേരള സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച ചെയ്യണമെന്നും  കത്തില്‍ വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


 

Tags:    
News Summary - hindustan newsprint ltd; Kerala Wrote Letter to Central Govt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.