ഓരോ ദിവസവും നാം ഉണരുന്നത് കുഞ്ഞുങ്ങൾക്കു നേരെയുണ്ടാവുന്ന അതിക്രമ വാർത്തകൾ കേട്ടും വായിച്ചുമാണ്. ആൺ, പെൺ വ്യത്യാസമില്ലാതെ ശാരീരിക അതിക്രമത്തിന് ഇരയാവുന്ന കുട്ടികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നു. ഏറ്റവും അടുപ്പമുള്ളവരാണ് പല സംഭവങ്ങളിലും വേട്ടക്കാർ.
മാനസികമോ ശാരീരികമോ ആയി വളർച്ചയെത്താത്ത കുരുന്നുകൾ പലപ്പോഴും ആ അതിക്രമത്തിെൻറ വ്യാപ്തിയോ ആഘാതമോ പോലും തിരിച്ചറിയാൻ കഴിയാത്തവരായിരിക്കും. ഒരു നോട്ടമോ സ്പർശമോ പോലും പൊള്ളിക്കുന്ന കുരുന്നുജീവിതങ്ങളുണ്ട്. വീടകങ്ങളിൽ പോലും വർധിക്കുന്ന കുഞ്ഞുങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ അവർക്ക് അവബോധം നൽകേണ്ടതും കരുതലൊരുക്കേണ്ടതും മാതാപിതാക്കളുടെയും ഉത്തരവാദിത്തമാണ്. കുഞ്ഞുങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളെ എങ്ങനെ പ്രതിരോധിക്കാം? ചില നിർദേശങ്ങൾ
•കുട്ടികൾക്കുമേൽ എപ്പോഴും ഒരു കണ്ണുവേണം. അവർ എന്തു ചെയ്യുന്നുവെന്നു മാത്രമല്ല, അവരോട് മറ്റുള്ളവർ എങ്ങനെ പെരുമാറുന്നു എന്നതും ശ്രദ്ധിക്കണം.
•കുട്ടികളുടെ പെരുമാറ്റത്തിലോ സംസാരത്തിലോ മനോഭാവത്തിലോ മാറ്റങ്ങളുണ്ടായാൽ നിരീക്ഷിക്കണം, എപ്പോഴും സന്തോഷവാനായ കുട്ടി പെട്ടെന്ന് മൗനവും ദേഷ്യവും സങ്കടവുമൊക്കെ കാണിച്ചാൽ അടുത്തിരുത്തി കാര്യങ്ങൾ ചോദിച്ചറിയണം.
•കുഞ്ഞുങ്ങളെ ഒറ്റക്ക് വീട്ടിലാക്കി പുറത്തുപോവുകയോ അവരെ ഒറ്റക്ക് മറ്റെവിടെയെങ്കിലും പോകാനനുവദിക്കുകയോ ചെയ്യരുത്.
•വീട്ടിൽ ബന്ധുക്കളോ പരിചയക്കാരോ വന്നാൽപോലും കുഞ്ഞുങ്ങളെ സ്വതന്ത്രമായി വിടരുത്. ഇതിൽ ആൺ, പെൺ വിവേചനമില്ല.
•മുതിർന്നവരുടെ പെരുമാറ്റവും ഇടപെടലുകളും കുഞ്ഞുങ്ങളെ സ്വാധീനിക്കും. അവരുടെ സാന്നിധ്യത്തിൽ ചെയ്യാൻ പാടില്ലാത്തത് ചെയ്യരുത്.
•ലൈംഗികതയുടെ അടിസ്ഥാന കാര്യങ്ങളും അതിെൻറ മൂല്യവും കുഞ്ഞുങ്ങളെ പ്രായത്തിനനുസരിച്ച് പറഞ്ഞു മനസ്സിലാക്കുക. ലൈംഗിക വിദ്യാഭ്യാസത്തിെൻറ അപര്യാപ്തത അതുമായി ബന്ധപ്പെട്ട പലവിധ പ്രശ്നങ്ങൾക്കും കാരണമാകും.
•നല്ല സ്പർശം, ചീത്ത സ്പർശം എന്നിവ തിരിച്ചറിയാൻ കുട്ടികളെ പഠിപ്പിക്കണം. അതിക്രമങ്ങളെ പ്രതിരോധിക്കേണ്ടതിനെ കുറിച്ചും അവബോധം നൽകണം.
•കുട്ടികൾ കാണുന്ന സിനിമ, കാർട്ടൂൺ, ടി.വി പരിപാടികൾ, വിഡിയോ ഗെയിമുകൾ തുടങ്ങിയവയുടെ ഉള്ളടക്കം നല്ലതോ ചീത്തയോ എന്ന് ശ്രദ്ധിച്ച് ആവശ്യമെങ്കിൽ തിരുത്തുക.
•സ്വന്തം നിലക്ക് ഇടപെടുന്നുണ്ടെങ്കിൽ മാർഗനിർദേശങ്ങളും മേൽനോട്ടവും നൽകുക.
•ശാരീരികാരോഗ്യംപോലെ പ്രധാനമാണ് മാനസികാരോഗ്യവും. അതു തകർക്കുന്ന സാഹചര്യങ്ങളിൽനിന്ന് കുട്ടികളെ മാറ്റിനിർത്തുക. ചിലതരം സിനിമകൾ, ഗെയിമുകൾ, ആപ്പുകൾ, സൗഹൃദങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽപെടും.
•മറ്റൊരു വ്യക്തിയെക്കുറിച്ച് കുഞ്ഞുങ്ങൾ പരാതി പറയുകയോ മറ്റോ ചെയ്താൽ അവഗണിക്കരുത്, ശ്രദ്ധാപൂർവം കേട്ട് പരിഹാരം നിർദേശിക്കണം
•കുഞ്ഞുങ്ങളുമായി തുറന്ന് സംസാരിക്കണം. അവരുമായി സൗഹൃദം സൂക്ഷിക്കുക, അറിയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കുക. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ പ്രായോഗിക പരിഹാരം കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.