അംഗൻവാടിയിൽ ഇനി തേനും: ആഴ്ചയിൽ രണ്ടുദിവസമാണ് തേൻ വിതരണം

മലപ്പുറം: അംഗൻവാടി കുട്ടികൾക്ക് തേൻ വിതരണവുമായി വനിത-ശിശു വികസന വകുപ്പ്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിത-ശിശു വികസന വകുപ്പ് കേരള സംസ്ഥാന ഹോർട്ടികോർപ്പുമായി ചേർന്നാണ് സംസ്ഥാനത്തെ അംഗൻവാടി കുട്ടികൾക്ക് തേൻ വിതരണം ചെയ്യുന്ന പദ്ധതി 'തേൻകണം' ആരംഭിക്കുന്നത്.

ആഴ്ചയിൽ രണ്ടുദിവസം (ചൊവ്വ, വെള്ളി) ഒരുകുട്ടിക്ക് ആറ് തുള്ളിയാണ് (0.50 ഗ്രാം) നൽകുക. കോവിഡിനുശേഷം ഫെബ്രുവരിയിലാണ് അംഗൻവാടികൾ തുറന്നത്. കുട്ടികളുടെ മാനസികവളർച്ചയും പോഷകാഹാരക്കുറവും നികത്തുകയാണ് ലക്ഷ്യം. ചോറ്, പാൽ, മുട്ട, പായസം തുടങ്ങിയവ കുട്ടികൾക്ക് നൽകുന്നുണ്ടെങ്കിലും തേൻ നൽകുന്നത് ആദ്യമായാണ്. രണ്ടുഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ശരാശരി ഒരു അംഗൻവാടിയിൽ 15 കുട്ടികൾ എന്ന നിരക്കിൽ ആദ്യഘട്ടത്തിൽ മൂന്ന് മാസത്തേക്ക് 300 ഗ്രാം തേൻ വീതം ഓരോ അംഗൻവാടിയിലേക്കും വിതരണം ചെയ്യും.

വെള്ളിയാഴ്ചക്കകം ഐ.സി.ഡി.എസ് ഓഫിസുകളിൽ തേൻകുപ്പികൾ വിതരണം ചെയ്യുമെന്ന് ഹോർട്ടികോർപ് അധികൃതർ അറിയിച്ചിട്ടുണ്ട്. ചൈൽഡ് ഡെവലപ്മെന്‍റ് പ്രോജക്ട് ഓഫിസറുടെ (സി.ഡി.പി.ഒ) നേതൃത്വത്തിൽ തേൻ അടുത്ത വെള്ളിയാഴ്ചയോ ശനിയാഴ്ച രാവിലെയോ സെക്ടർ തലത്തിൽ എത്തിക്കുകയും അംഗൻവാടി ജീവനക്കാർക്ക് വിതരണം ചെയ്യുന്നതിന് സജ്ജീകരണം ഒരുക്കുകയും വേണം. 30ന് അംഗൻവാടി പ്രവേശനോത്സവത്തോടെ പദ്ധതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Honey in the Anganwadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.