സിദ്ദീഖിനെ കൊലപ്പെടുത്തിയപ്പോൾ ഹോട്ടലിൽ ഉണ്ടായിരുന്ന ഒരാൾ കൂടി കസ്റ്റഡിയിൽ

മലപ്പുറം: തിരൂർ പിസി പടി സ്വദേശി ഹോട്ടലുടമ മേച്ചേരി സിദ്ധീഖിനെ കൊന്ന് ട്രോളി ബാഗിലാക്കി ചുരത്തിൽ തള്ളിയ കേസിൽ ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതക സമയത്ത് ഹോട്ടലിൽ ഉണ്ടെന്ന് സംശയിക്കുന്ന ചെർപ്പുളശ്ശേരി സ്വദേശി ആഷിഖ് ആണ് പിടിയിലായത്. കേസിൽ നേരത്തെ പിടിയിലായ ഫർഹാനയുടെ സുഹൃത്താണിയാൾ. ചെർപ്പുളശ്ശേരിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകം നടക്കുന്ന സമയത്ത് ആഷിഖ് കോഴിക്കോട്ടെ ഹോട്ടലിൽ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പണം പിൻവലിക്കുമ്പോഴും ആഷിഖിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇതോടെ കേസിൽ നേരിട്ട് പങ്കുള്ള മൂന്ന് പേർ പിടിയിലായി. ​കൊല്ലപ്പെട്ട സിദ്ദീഖിന്റെ ഒളവണ്ണയി​ലെ ചിക്ബേക്ക് ഹോട്ടലിലെ ജീവനക്കാരനായിരുന്നു മുഖ്യപ്രതി ഷിബിലി(22). ഇയാളും പെൺസുഹൃത്ത് ഫർഹാന(18)യും ചെന്നൈയിൽവെച്ചാണ് പിടിയിലായത്. ഇവർക്ക് വേറെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ സിദ്ധിഖിന്റെ ബന്ധുക്കളും സംശയം പറഞ്ഞിരുന്നു.

അതിനിടെ മൃതദേഹം ഉപേക്ഷിച്ച ട്രോളി ബാഗ് അട്ടപ്പാടി ചുരത്തിൽനിന്ന് പുറത്തെടുക്കാനുള്ള നടപടി തുടങ്ങി. ഇവിടേക്ക് ആഷിഖിനെയും പൊലീസ് കൊണ്ടുപോകുന്നുണ്ട്. ഈ മാസം 18 നാണ് തിരൂർ സ്വദേശിയായ സിദ്ദീഖ് വീട്ടിൽ നിന്ന് പോയത്. അന്ന് ഒളവണ്ണയിലെ ഹോട്ടലിൽ എത്തിയപ്പോൾ, രണ്ടാഴ്ചയായി ഹോട്ടലിൽ ജോലി ചെയ്യുന്ന ഷിബിലിയുടെ സ്വഭാവദൂഷ്യം മറ്റുജീവനക്കാർ ചൂണ്ടിക്കാട്ടി. വൈകീട്ട് തന്നെ ഷിബിലിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. അന്നുതന്നെയാണ് സിദ്ധീഖിനെ കാണാതായത്. ഈ ദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖും ഷിബിലിയും ഫർഹാനയും രണ്ടുറൂമുകൾ എടുത്തിരുന്നു. ഇവിടെ വെച്ചാണ് ക്രൂരകൃത്യം നടത്തിയത്.

വൈകീട്ട് മുതൽ സിദ്ദീഖിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ മകൻ തിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഷിബിലിയും ഫർഹാനയും പിടിയിലായത്. 

Tags:    
News Summary - sidhique murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.