കോട്ടയം: വെട്ടിക്കൊണ്ടിരിക്കെ വീടിന്‍റെ മേൽക്കൂര തകർത്ത് ഉള്ളിലേക്ക് പതിച്ച മരത്തിനടിയിൽപെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം. കോട്ടയം പള്ളം 28ാം കവല- ഇല്ലിമൂട് റോഡിൽ മലയിൽപറമ്പിൽ പരേതനായ ബാബുവിന്‍റെ ഭാര്യ മേരിക്കുട്ടിയാണ് (52) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.45നായിരുന്നു നാടിനെ നടുക്കിയ സംഭവം. സമീപത്തുള്ള ഇവരുടെ സഹോദരന്‍റെ വീടിനു മുകളിലേക്കാണ് മരം പതിച്ചത്.
ഈ വീട് വാടകക്ക് നൽകിയിരിക്കുകയാണ്. ഈ വീടിന്‍റെ മുറ്റത്ത് നിന്ന കൂറ്റൻ പുളിമരം വെട്ടുന്നത് കാണാൻ എത്തിയതായിരുന്നു ഇവർ. അപ്രതീക്ഷിതമായി നിയന്ത്രണം തെറ്റി മരം വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. കയർ ഉപയോഗിച്ച് കെട്ടി വലിച്ചുനിർത്തിയശേഷം മരത്തിന്‍റെ ചുവട് മുറിക്കുമ്പോഴായിരുന്നു സംഭവം. എന്നാൽ, കയറിൽ നിൽക്കാതെ പുളിമരം മറ്റൊരുവശത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
ഈ സമയം വീടിന്‍റെ വാതിൽക്കലിൽ സ്‌മിത, ഷേർളി എന്നിവർക്കൊപ്പം സംസാരിച്ച് നിൽക്കുകയായിരുന്നു മേരിക്കുട്ടി. ഇതിനിടെ ഇവരുടെ ദേഹത്തേക്ക് മരം വീണു. ശബ്ദംകേട്ട് സ്‌മിതയും ഷേർളിയും ഓടിമാറി. ഇവർക്കും പരിക്കേറ്റിട്ടുണ്ട്. സ്‌മിതയുടെ കാലൊടിഞ്ഞു. ഷേർളിയുടെ തലക്ക് പൊട്ടലുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപവാസികൾക്ക് മേരിക്കുട്ടിയെ മരത്തിനടിയിൽനിന്ന് പുറത്തെടുക്കാൻ സാധിച്ചില്ല. അഗ്‌നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.
കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പരുത്തുംപാറ സെന്‍റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: സചിൻ, സൈറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.