ചെന്ത്രാപ്പിന്നി (തൃശൂർ): വീട്ടമ്മയെ ആക്രമിച്ച് അഞ്ചര പവന്‍റെ സ്വർണമാല കവർന്നു. ചെന്ത്രാപ്പിന്നി ഭഗവതി പറമ്പിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മാരാത്ത് ശശിധരന്‍റെ ഭാര്യ രാധയുടെ സ്വർണമാലയാണ് കവർന്നത്. മോഷ്ടാവിന്‍റെ ആക്രമണത്തിൽ കണ്ണിന് സാരമായി പരിക്കേറ്റ രാധയെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ 5.45നാണ് സംഭവം. ശശിധരൻ പ്രഭാത നടത്തത്തിന് പോയ സമയത്താണ് ആക്രമണം. വീടിന്‍റെ മുൻവശത്തെ വാതിൽ പൂട്ടാതെയാണ് ശശിധരൻ നടക്കാനിറങ്ങിയത്. ഈ സമയത്ത് മോഷ്ടാവ് മാരകായുധവുമായി അകത്ത് കടന്ന് മുറിയിൽ ഉറങ്ങിക്കിടന്ന രാധയെ ആക്രമിച്ച് മാല കവരുകയായിരുന്നു. കണ്ണിന് അടിക്കുകയും വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാധ വെട്ടുകത്തിയിൽ പിടികൂടിയതോടെ, ബലപ്രയോഗത്തിനിടയിൽ വലത് കണ്ണിനും ചുണ്ടിനും കൈവിരലിനും പരിക്കേറ്റു. ഇവർ ഉറക്കെ കരഞ്ഞതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളും ഭർത്താവ് ശശിധരനും ചേർന്നാണ് രാധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മോഷ്ടാവിന്‍റെ കൈയിൽനിന്ന് വെട്ടുകത്തി പിടിച്ചുവാങ്ങി പ്രതിരോധിച്ച് നിന്നതിനാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് രാധ പറഞ്ഞു. ടീഷർട്ടും മുണ്ടും ധരിച്ച കറുത്ത് ഉയരം കുറഞ്ഞയാളാണ് മോഷ്ടാവ്. ഇവരുടെ വീടിന് മുൻവശത്തെ ആളൊഴിഞ്ഞ പറമ്പിലെ മോട്ടോർ ഷെഡ്ഡിന് പുറകിൽ മറഞ്ഞിരുന്ന മോഷ്ടാവ് ശശിധരൻ നടക്കാനിറങ്ങിയ സമയം നോക്കി അകത്തേക്ക് കടന്നതാകാമെന്നാണ് പൊലീസ് നിഗമനം.
മോഷ്ടാവ് കൊണ്ടുവന്ന വെട്ടുകത്തി വീടിനകത്തുനിന്ന് കണ്ടെത്തി. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി യു. പ്രേമന്‍റെ നേതൃത്വത്തിലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.