സിന്ധുവിന് വേണ്ടി സി.പി.എം എങ്ങനെ പ്രചാരണത്തിനിറങ്ങും -ജിൽസ് പെരിയപ്പുറം

കോട്ടയം: പിറവം സീറ്റിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗമായ ഡോ. സിന്ധുമോൾ ജേക്കബിന്‍റെ സ്ഥാനാർഥിയാക്കിയതിൽ ആരോപണം ശക്തമാക്കി യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജില്‍സ് പെരിയപ്പുറം. േജാസ് കെ. മാണി സീറ്റ് കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് ജില്‍സ് ആരോപിച്ചു.

ജോസ് കെ. മാണിക്ക് പണമാണ് വേണ്ടത്. തന്‍റെ കൈയിൽ കൊടുക്കാൻ പണമില്ല. ജോസിനെ കച്ചവട ശ്രമം പൊളിച്ചതു കൊണ്ടാണ് തന്നെ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റിയതെന്നും ജില്‍സ് ചൂണ്ടിക്കാട്ടി.

പിറവത്തെ സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സി.പി.എം പുറത്താക്കിയ നടപടി നാടകമാണെന്ന് ജിൽസ് ആരോപിച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആൾക്ക് വേണ്ടി സി.പി.എം എങ്ങനെ പ്രചാരണത്തിനിറങ്ങും. കോട്ടയം കമ്മിറ്റി പുറത്തിറക്കിയ സിന്ധുമോളെ പിറവത്തെ സി.പി.എം പ്രവർത്തകർ എങ്ങനെ ചുമക്കുമെന്നും ജിൽസ് ചോദിച്ചു.

യൂത്ത് ഫ്രണ്ട് പ്രവർത്തകരായ ഒരാൾക്ക് പോലും തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിട്ടില്ല. ജോസ് കെ. മാണിക്ക് മുമ്പ് പാർട്ടിയിൽ വന്ന ആളാണ് താനെന്നും ജില്‍സ് പെരിയപ്പുറം മാധ്യമങ്ങളോട് പറഞ്ഞു. 

വളരെ നാടകീയമായാണ്​ സി.പി.എം സ്വതന്ത്രയായ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. സിന്ധു മോൾ ജേക്കബ് കേരള കോൺഗ്രസ് എം​ സ്​ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്​. സിന്ധു മോളെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ആദ്യം രംഗത്തെത്തിയത് യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്‍റ് ജില്‍സ് പെരിയപ്പുറമാണ്.

പിറവത്ത്​ കേരള കോൺഗ്രസിന്​ ലഭിച്ച സീറ്റ്​ മറിച്ചുവിറ്റെന്നാണ് ജില്‍സ് ആരോപണം ഉന്നയിച്ചത്. ഇതിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് ജില്‍സ് രാജിവെക്കുകയും ചെയ്തു. പണവും ജാതിയും നോക്കിയാണ്​ സ്ഥാനാർഥി നിർണയമെന്നാണ് ജിൽസിന്‍റെ ആരോപണം.

അതേസമയം, പിറവത്തേത് പെയ്മെന്‍റ് സീറ്റല്ലെന്ന് സിന്ധുമോൾ ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. പെയ്മെന്‍റ് സീറ്റാണോ എന്ന് ആക്ഷേപം ഉന്നയിച്ച ആളോട് ചോദിക്കണം. സ്ഥാനാർഥിത്വം സംബന്ധിച്ച എതിർപ്പ് കാര്യമാക്കുന്നില്ല. പ്രശ്നങ്ങൾ പാർട്ടി പരിഹരിക്കും. സി.പി.എം അംഗത്വം രാജിവെച്ച് കേരള കോൺഗ്രസിൽ ചേരുമെന്നും സിന്ധുമോൾ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - How the CPM will campaign for Sindhu says Gils Periyapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.