കണ്ണൂർ: ലഹരിക്കടിമകളായ യുവാക്കൾക്കിടയിൽ ന്യൂജൻ മയക്കുമരുന്ന് ഉപയോഗം വർധിച്ചതായി എക്സൈസ് കണ്ടെത്തൽ. ബംഗളൂരു പോലെയുള്ള നഗരങ്ങളിൽ വ്യാപകമായിരുന്ന എം.ഡി.എം.എ അടക്കമുള്ള അതിമാരകമായ ന്യൂജൻ ലഹരി വസ്തുക്കളുടെ ഉപയോഗവും കൈമാറ്റവും ജില്ലയിലും വ്യാപകമാവുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിലും ഇരിക്കൂറിലുമടക്കം ലക്ഷക്കണക്കിന് രൂപയുടെ എം.ഡി.എം.എ ലഹരിവസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. ഒരു ഗ്രാം കൈവശംവെച്ചാൽ പോലും 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
ലഹരി ഒഴുക്ക് വ്യാപകമാകുന്ന ക്രിസ്മസ്, ന്യൂ ഇയർ സീസണിൽ നവംബർ 25 മുതൽ ജനുവരി ഒന്നുവരെ എക്സൈസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ 108.7 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. സാധാരണ മാസങ്ങളിലെ കണക്കുകളേക്കാൾ ഇരട്ടിയോളം അളവിലാണ് എം.ഡി.എം.എ പിടികൂടിയത്.
മയക്കുമരുന്ന് കൈവശംവെക്കുകയും ഉപയോഗിക്കുകയും ചെയ്തതടക്കം 62 എൻ.ഡി.പി.എസ് കേസുകളാണ് സ്പെഷൽ ഡ്രൈവിനിടെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ 43 കേസുകൾ മാത്രമാണുണ്ടായത്. 22 വയസ്സിന് താഴെയുള്ള യുവാക്കൾക്കിടയിൽ ഇവയുടെ ഉപയോഗം കൂടിയതും കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു.
എം.ഡി.എം.എക്ക് പുറമെ എൽ.എസ്.ഡി, വേദനസംഹാരി ഗുളികകളും യുവാക്കൾക്കിടയിൽ വ്യാപകമാണ്. കഞ്ചാവ് എത്തിക്കുന്ന ഏജൻറുമാർ തന്നെയാണ് എം.ഡി.എം.എ കടത്തിനും പിറകിലെന്നാണ് വിവരം. ന്യൂജൻ ലഹരി മരുന്നുകൾ എത്തിക്കുന്ന 10 ഏജൻറുമാരെങ്കിലും ജില്ലയിലുണ്ടെന്നാണ് എക്സൈസിെൻറ നിഗമനം. സാധാരണക്കാർക്കിടയിൽ സജീവമാകാത്ത ഇത്തരം ലഹരി മരുന്നുകളുടെ ഉപയോഗം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് പഠനം.
കഞ്ചാവ്, മയക്കുമരുന്നിന് അടിമകളായ 21 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ലഹരി മോചന കേന്ദ്രങ്ങളിൽ ചികിത്സ നൽകാനാണ് എക്സൈസ് തീരുമാനമെന്നും ഇത്തരം കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്നും ഡെപ്യൂട്ടി എക്സൈസ് കമീഷണർ എം. അൻസാരി ബീഗു 'മാധ്യമ'ത്തോട് പറഞ്ഞു.
കൈമാറ്റത്തിനും സൂക്ഷിക്കുന്നതിനും എളുപ്പമായതിനാൽ ഇത്തരം ന്യൂജൻ മയക്കുമരുന്നുകൾ കണ്ടെത്തുകയെന്നത് എക്സൈസിന് വെല്ലുവിളിയാണ്. പല വിളിപ്പേരുകളിൽ അറിയപ്പെടുന്ന ലഹരിമരുന്നുകൾ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് അതിർത്തി കടക്കുന്നത്. ബംഗളൂരു വഴിയാണ് പ്രധാനമായും ഇവ ജില്ലയിൽ എത്തുന്നത്.തളിപ്പറമ്പ്, പഴയങ്ങാടി മേഖലകളിൽ മയക്കുമരുന്ന് ഒഴുക്ക് വർധിക്കുന്നതായി എക്സൈസിന് വിവരമുണ്ട്. ഈ മേഖലകളിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
കർണാടകയിൽനിന്നെത്തുന്ന വിദ്യാർഥികൾ, കച്ചവടക്കാർ, ചരക്കുവാഹനങ്ങൾ എന്നിവ വഴിയാണ് ന്യൂജൻ മയക്കുമരുന്നുകൾ കേരളത്തിലെത്തുന്നത്. കൂട്ടുപുഴയിൽനിന്നും ചെക്പോസ്റ്റുകൾ ഒഴിവാക്കി വനപാതയിലൂടെയും ഇടവഴികളിലൂടെയും കടത്ത് സജീവമാണ്.
ഈ സാഹചര്യത്തിൽ അതിർത്തി കേന്ദ്രീകരിച്ച് എക്സൈസ് രാത്രി വാഹന പരിശോധന സജീവമാക്കിയിട്ടുണ്ട്. ആകെ 1023 പരിശോധനകളാണ് സ്പെഷൽ ഡ്രൈവിനിടെ നടത്തിയത്. ഇതിൽ 10.376 കിലോഗ്രാം കഞ്ചാവും 42.28 ഗ്രാം ചരസും 10.55 ഗ്രാം കൊക്കെയ്നും പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.