പ്രവാസികളോട് കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം -ജസ്റ്റിസ് കെമാൽ പാഷ

കോഴിക്കോട്​: സ്വന്തം രാജ്യത്തേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പ്രവാസികളോട് കേന്ദ്ര, കേരള സർക്കാറുകൾ കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. മെച്ചപ്പെട്ട ജീവിതം കെട്ടിപ്പെടുക്കാൻ നാടുവിട്ട് പോയവർ തിരികെ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നത് ഇന്ത്യയിലെ പൗരൻ എന്ന നിലക്ക് അവരുടെ അവകാശമാണ്. എന്നാൽ, തിരിച്ചു വരുന്ന പ്രവാസികളെ പരമാവധി ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സർക്കാറുകൾ കാണിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എസ്.എ - കാനഡ കെ.എം.സി.സി. സംഘടിപ്പിച്ച വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളാണ് കോവിഡ് വ്യാപനത്തിന് ഹേതുവാകുന്നത് എന്ന ധ്വനിയാണ് സംസ്ഥാന സർക്കാറിൻെറ പല പ്രസ്താവനയിലും കാണുന്നത്. ഇത് നാട്ടുകാരിലും ഭീതി വളർത്തുകയാണ്. പ്രവാസികളെ ഭയത്തോട് കൂടി മാത്രം നോക്കുന്ന പ്രവണത നാട്ടിൽ കൂടിയിട്ടുണ്ട്. ഇത് മാറ്റിയെടുക്കാൻ എല്ലാവരും തയാറാവണം. പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ കേന്ദ്ര സർക്കാർ നടത്തുന്ന നടപടി അങ്ങേയറ്റം അപലപനീയമാണ്. ഭരണകൂടത്തിൻെറ നയങ്ങൾക്കെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കുകയും രാജ്യത്തെ ഭീകരർക്ക് ഒറ്റു കൊടുക്കുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് ഇന്ത്യയിൽ കാണുന്നത്. ഇത്തരം നടപടിക്കെതിരെ എല്ലാവരും ശബ്​ദമുയർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജുഡീഷ്യറിയയുടെ പരിമിതികൾ ജനാധിപത്യസംവിധാനത്തിന്​ ഉൾക്കൊള്ളാനാകും. എന്നാൽ ജുഡീഷ്യറിക്ക് മുകളിലുള്ള സമ്മർദ്ദങ്ങൾ ജനാധിപത്യത്തെ തകർക്കുകയും ഭരണഘടന ഒരു വ്യക്തിക്ക് നൽകുന്ന അവകാശങ്ങളെ ഹനിക്കുകയും ചെയ്യും. ജുഡീഷ്യറി ഭരണഘടന ഉയർത്തി പിടിച്ച്​ ജനങ്ങൾക്കും സത്യത്തിനും വേണ്ടി നില കൊള്ളുമ്പോഴാണ് അതിൻെറ പൂർണതയിലെത്തുക. ജുഡീഷ്യറിയിലെ രാഷ്ട്രീയ കടന്നു കയറ്റം ഭരണഘടനാ ലംഘനങ്ങൾ കൂടി വരുന്നതിനു കാരണമാവും. ഡോ. കഫീൽ ഖാൻ, സഞ്ജീവ് ബട്ട് ഐ.പി.എസ്​, കണ്ണൻ ഗോപിനാഥൻ ഐ.എ.എസ്​ എന്നിവരെയെല്ലാം സർക്കാർ​ വേട്ടയാടുന്നുണ്ട് എന്നത് പരസ്യമായതാണ്​. ഇത് സർക്കാറിൻെറ വിശ്വസ്തതയെയും ഫാസിസ്റ്റ് മനോഭാവത്തെയുമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെമ്പാടുമുള്ള കെ.എം.സി.സി. ഘടകങ്ങൾ ഈ മഹാമാരിയുടെ കാലത്ത് നടത്തുന്ന സേവന, സന്നദ്ധ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണ്. കെ.എം.സി.സി. അടക്കമുള്ള സന്നദ്ധ സംഘങ്ങൾ നടത്തുന്ന സേവനങ്ങളാണ് ഒരു പരിധി വരെ പ്രവാസികൾക്ക് ആശ്വാസമാവുന്നത്. ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും മറ്റും ഗത്യന്തരമില്ലാതെ കുടുംബത്തിലെത്താൻ കൊതിക്കുന്ന പ്രവാസികൾക്ക് മുന്നിൽ സർക്കാറുകൾ പ്രതിസന്ധി തീർക്കുമ്പോൾ പലരും ഹൃദയം തകർന്ന് മരണപ്പെടുന്ന കാഴ്ചയാണ് ദിനംപ്രതി നാം കാണുന്നത്. കെ.എം.സി.സി അംഗങ്ങളുടെ നിയമപരവും സാമൂഹ്യപരവുമായ വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഭരണ ഘടന മുറുകെ പിടിച്ചു ഭരണ ഘടനാ ലംഘനങ്ങൾക്കെതിരെ പോരാടാൻ ഈ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    
News Summary - human right violation against expatriates said justice kemal pasha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.