തിരുവനന്തപുരം: ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി ഒമ്പത് ദിവസമായി സെക്രേട്ടറിയറ്റ് നടയിൽ നിരാഹാരം നടത്തിവന്ന എം.എൽ.എമാരായ ഷാഫി പറമ്പിലിനെയും കെ.എസ്. ശബരീനാഥനെയും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ഷുഗർനില അപകടകരമായ നിലയിലേക്ക് കുറയുകയാണെന്നും കടുത്ത നിർജലീകരണമുണ്ടെന്നുമുള്ള ഡോക്ടർമാരുടെ വിലയിരുത്തലിനെ തുടർന്നാണ് നടപടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സമരപ്പന്തലിലെത്തിയാണ് നിരാഹാരം അവസാനിപ്പിച്ചത്. ഇരുവരെയും തലസ്ഥാനത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറുമാരായ എൻ.എസ്. നുസൂർ, റിജിൻ മാങ്കുറ്റി, റിയാസ് മുക്കോളി എന്നിവർ നിരാഹാരസമരത്തിൽ പ്രവേശിച്ചു.
സമരത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം തടയാൻ ശ്രമിച്ചത് പൊലീസുമായി നേരിയ സംഘർഷാവസ്ഥയുണ്ടാക്കി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ. സുധാകരൻ എന്നിവർ സമരപ്പന്തലിലെത്തി. സെക്രട്ടേറിയറ്റ് പടിക്കൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ചത് കാക്കിയിട്ട ഗുണ്ടകളാണെന്ന് കെ. സുധാകരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.