അഞ്ചൽ (കൊല്ലം): ഭർതൃവീട്ടിൽ പാമ്പുകടിയേറ്റതിനെത്തുടർന്ന് കുടുംബവീട്ടിൽ ചികിത്സയിൽ കഴിയവേ യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ, മരിച്ച ഉത്ര (25)യുടെ ഭർത്താവ് സൂരജിന്‍റെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സൂരജ് കുറ്റം സമ്മതിച്ചുവെന്നാണ് വിവരം. ഭർത്താവ് സൂരജിനെയും സുഹൃത്തായ പാമ്പുപിടിത്തക്കാരനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിവൈ.എസ്.പി അശോക് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് പൊലീസ് പറയുന്നു. ഭർത്താവ് അടൂർ പറക്കോട് കാരക്കൽ സ്വദേശി സൂരജിനെപ്പറ്റി ഉത്രയുടെ രക്ഷിതാക്കൾ നിർണായക വിവരങ്ങൾ നൽകിയിരുന്നു. സൂരജിന് പാമ്പുപിടുത്തത്തിൽ വൈദഗ്ധ്യമുണ്ടെന്നും സ്ത്രീധനത്തിെൻറ പേരിൽ മകളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇവർ ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു.
കല്ലുവാതുക്കലിലെ ഒരു പാമ്പുപിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സൂരജിനെ പൊലീസ് ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. പാമ്പ് പിടുത്തക്കാരില്‍നിന്നു പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴിന് പുലർച്ചെ ആറ് മണിയോടെയാണ് ഉത്രയെ മരിച്ച നിലയിൽ കിടപ്പുമുറിയിൽ കണ്ടത്. പതിവിന് വിപരീതമായി മുറി തുറന്നുകിടക്കുന്നത് കണ്ട മാതാവ് മണിമേഖല അകത്ത് കയറി നോക്കിയപ്പോളാണ് ഉത്ര ചലനമറ്റ് കിടക്കുന്നത് കണ്ടത്.
വിവാഹത്തിെൻറ അടുത്തമാസം തന്നെ ഉദ്യോഗ സംബന്ധമായ ആവശ്യത്തിനെന്നു പറഞ്ഞ് തങ്ങളിൽനിന്ന് 50,000 രൂപ വാങ്ങിയെന്നും വിവാഹ സമയത്ത് നൽകിയ സ്വർണത്തിൽ ഇപ്പോൾ ഗണ്യമായ കുറവുണ്ടെന്നും ഉത്രയുടെ രക്ഷിതാക്കൾ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഭർത്താവിെൻറ കുടുംബാംഗങ്ങൾ നിർബന്ധിപ്പിച്ച് കാറുകൾ വാങ്ങിയെടുത്തുവെന്നും ഒരു തവണ വീട്ടിനുള്ളിൽ കണ്ട വിഷപാമ്പിനെ സൂരജ് അനായാസേന പാട്ടിലാക്കിയെന്നും ഉത്രയുടെ രക്ഷാകർത്താക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ഇതിനിടെ ഉത്രയുടെ ബാങ്ക് ലോക്കറിലായിരുന്ന സ്വർണം തിരികെയെടുത്തതും ശിശുക്ഷേമ സമിതി വഴി ഒന്നര വയസ്സുള്ള കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഉത്ര മരിച്ചു കിടക്കുന്നതുകണ്ട അമ്മയുടെ നിലവിളി കേട്ട് മറ്റ് കുടുംബാംഗങ്ങൾ ഓടിയെത്തിയെങ്കിലും മുറ്റത്ത് പല്ലുതേച്ച് നിൽക്കുകയായിരുന്ന സൂരജ് ഓടിയെത്താൻ കൂട്ടാക്കിയിരുന്നില്ല. ഇത് കുടുംബാംഗങ്ങളിൽ സംശയം ജനിപ്പിച്ചിരുന്നു.
ഉത്രയെ സ്വത്തിന് വേണ്ടി അപായപ്പെടുത്തിയതാണെന്ന് കാട്ടി സൂരജ് ഉത്രയുടെ സഹോദരനെതിരെ എസ്.പിക്ക് പരാതിയും നൽകിയിട്ടുണ്ട്. ഇത് അന്വേഷണത്തിൻെറ ഗതി മാറ്റാനുള്ള തന്ത്രമാണെന്നാണ് പൊലീസ് വിലയിരുത്തൽ. ഈ വിവരങ്ങളും അന്വേഷണോദ്യോഗസ്ഥർ ഗൗരവമായി പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.