നേമം: യുവതിയെ രണ്ടാം ഭർത്താവ് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ചു. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വട്ടിയൂർക്കാവ് മരുതംകുഴി സ്വദേശി ലക്ഷ്മി (32) ആണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
വ്യാഴാഴ്ച പകലായിരുന്നു സംഭവം. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം നാലുവർഷമായി രണ്ടാം ഭർത്താവ് ബിജുവുമൊത്ത് പത്തനംതിട്ട സീതത്തോട് ഭാഗത്തായിരുന്നു യുവതി താമസിച്ചുവന്നിരുന്നത്. അതിനുശേഷം വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ ചൊവ്വള്ളൂർ ഭാഗത്തെ വാടകവീട്ടിൽ താമസം തുടങ്ങി.
കഴിഞ്ഞ ഒരു വർഷത്തിനിടെ ദമ്പതികൾ തമ്മിൽ അസ്വാരസ്യം ഉണ്ടാകുകയും ഇവർ വെവ്വേറെ താമസിച്ചുവരികയുമായിരുന്നു. ഇതിനിടെ വാടകവീട്ടിൽ സൂക്ഷിച്ച യുവതിയുടെ സാധനസാമഗ്രികൾ എടുത്തു കൊണ്ടുപോകാൻ എത്തണമെന്ന് ബിജു ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിൻപ്രകാരം ചൊവ്വള്ളൂരിലെ വാടക വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.
പ്രകോപിതനായ ബിജു ലക്ഷ്മിയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കൈവശമുണ്ടായിരുന്ന ആസിഡ് മുഖത്തേക്ക് ഒഴിക്കുകയും ചെയ്തു. ആസിഡ് ആക്രമണത്തിൽ യുവതിയുടെ മുഖത്തിനും വയറിനും കാലുകൾക്കും പരിക്കേറ്റു. എന്നാൽ പരിക്ക് ഗുരുതരമല്ല.
ബിജുവിനെ കണ്ടെത്താൻ വിളപ്പിൽശാല പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.