കോഴിക്കോട്: കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയുടെ ‘ചെങ്കോൽ’ ട്വീറ്റിൽ അതൃപ്തി പ്രകടിപ്പിച്ച് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ചെങ്കോൽ സംബന്ധിച്ച ശശി തരൂരിന്‍റെ ട്വീറ്റ് തന്നെ അത്ഭുതപ്പെടുത്തി. ഏറ്റവും നല്ല മതേതരവാദി എന്ന നിലയിലാണ് തരൂർ അറിയപ്പെടുന്നത്. അദ്ദേഹത്തിൽനിന്ന് ഇങ്ങനെ ഒരു ട്വീറ്റ് പ്രതീക്ഷിച്ചിരുന്നില്ല. ഇക്കാര്യത്തിൽ അദ്ദേഹം തന്നെ വ്യക്തത വരുത്തണം -ഹസൻ പറഞ്ഞു.
കോൺഗ്രസിൽ അഞ്ചു ഗ്രൂപ് ഉണ്ടെന്ന വി.എം. സുധീരന്‍റെ പരാമർശത്തെയും ഹസൻ വിമർശിച്ചു. അഞ്ചു ഗ്രൂപ്പൊക്കെ ഉണ്ടെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ആ കാര്യമാകും സുധീരൻ പറഞ്ഞത്. രണ്ടു ഗ്രൂപ്പിനെത്തന്നെ താങ്ങാനുള്ള ശക്തി പാർട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്കോല്‍ സംബന്ധിച്ച വിവാദത്തില്‍ രണ്ടു പക്ഷവും ഉയർത്തുന്നത് നല്ല വാദങ്ങളാണെന്നും നമ്മുടെ വർത്തമാനകാല മൂല്യങ്ങൾ സ്ഥിരീകരിക്കാൻ ഭൂതകാലത്തിൽ നിന്ന് ഈ ചിഹ്നം സ്വീകരിക്കാം എന്നുമായിരുന്നു തരൂർ ട്വിറ്ററിൽ കുറിച്ചത്. മൗണ്ട് ബാറ്റണ്‍ ചെങ്കോല്‍ നെഹ്റുവിന് കൈമാറിയതിൽ തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പവിത്രമായ പരമാധികാരവും ധർമ ഭരണവും ഉൾക്കൊണ്ടുകൊണ്ട് പാരമ്പര്യത്തിന്‍റെ തുടർച്ചയെയാണ് ചെങ്കോൽ പ്രതിഫലിപ്പിക്കുന്നതെന്ന് സർക്കാർ ശരിയായി വാദിക്കുന്നു. ഭരണഘടന സ്വീകരിക്കപ്പെട്ടത് ജനങ്ങളുടെ പേരിലാണെന്നും അവരുടെ പാർലമെന്‍റില്‍ പ്രതിനിധീകരിക്കുന്നതുപോലെ പരമാധികാരം ഇന്ത്യയിലെ ജനങ്ങളിൽ നിലനിൽക്കുന്നുവെന്നും അത് ദൈവിക അവകാശത്താൽ കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവിയല്ലെന്നുമുള്ള പ്രതിപക്ഷത്തിന്‍റെ വാദവും തെറ്റല്ല.
ചെങ്കോല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു നെഹ്റുവിന് അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായി കൈമാറ്റം ചെയ്യുകയായിരുന്നു എന്നതിന് രേഖപ്പെടുത്തിയ തെളിവൊന്നുമില്ല. ചെങ്കോൽ അധികാരത്തിന്‍റെ പരമ്പരാഗത പ്രതീകമാണെന്നും അത് ലോക്‌സഭയിൽ സ്ഥാപിക്കുന്നതിലൂടെ പരമാധികാരം അവിടെ കുടികൊള്ളുന്നുവെന്നും ഏതെങ്കിലും രാജാവിന് കീഴിലല്ലെന്നും ഇന്ത്യ ഉറപ്പിച്ചുപറയുകയാണ്. നമ്മുടെ വർത്തമാനകാല മൂല്യങ്ങൾ സ്ഥിരീകരിക്കാൻ നമുക്ക് ഈ ചിഹ്നം ഭൂതകാലത്തിൽ നിന്ന് സ്വീകരിക്കാം’ -തരൂർ ട്വിറ്ററിൽ കുറിച്ചു.
അധികാര കൈമാറ്റത്തിന്‍റെ ഭാഗമായി ബ്രിട്ടൻ കൈമാറിയെന്ന് പറയപ്പെടുന്ന ചെങ്കോൽ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിനു തെളിവൊന്നുമില്ലെന്നും അധികാര കൈമാറ്റം സംബന്ധിച്ച് പ്രചരിക്കുന്നത് വാട്സ്ആപ്പ് യൂനിവേഴ്സിറ്റി ആഖ്യാനം മാത്രമാണെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ് പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.