തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സര്‍ക്കാറും സി.പി.എമ്മുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്നു ഉള്‍പ്പെടെയുള്ള ഗുരുതര ക്രമക്കേടുകളില്‍നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്‍റെ ഭാഗമാണ് അറസ്റ്റ്.
ഒരു അഴിമതിയേയും ന്യായീകരിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. കുറ്റം ചെയ്തവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. പക്ഷെ ഇപ്പോള്‍ ഇബ്രാംഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോട് കൂടിയാണ്. മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി വിജിലന്‍സ് അധഃപതിച്ചിരിക്കുന്നെന്നും മുല്ലപ്പള്ളി ആരോപിച്ചു.
പാലാരിവട്ടം പാലം നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനി ഗുരുതര വീഴ്ചവരുത്തിയെന്ന് കണ്ടിട്ടും എന്തുകൊണ്ട് ആ കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയില്ല. മാത്രമല്ല ഇടതു സര്‍ക്കാര്‍ തുടര്‍ന്ന് ആയിരം കോടിയിലധികം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതേ കമ്പനിക്ക് നല്‍കുകയും ചെയ്തു.
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തി ഗുരുതരമായ മറ്റ് അഴിമതികളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം കേരളീയ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.