മൂന്നാര്‍: സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് ശൗചാലയം നിര്‍മിക്കാന്‍ കുഴികുത്തി നല്‍കിയ മൂന്നാര്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ നിനച്ചിരിക്കാതെ എത്തിയ ഒരു അഭിനന്ദനത്തിന്‍െറ ആഹ്ളാദത്തിലാണ്. അതും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നാകുമ്പോള്‍ ആ ആഹ്ളാദത്തിനൊപ്പം അടക്കാനാവാത്ത അവിശ്വസനീയതയുമുണ്ട്. ഞായറാഴ്ച പ്രധാനമന്ത്രി നടത്തിയ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു അഭിനന്ദനം. ഇടമലക്കുടിയിലെ ആദിവാസി ഊരില്‍ വിദ്യാര്‍ഥികള്‍ ശൗചാലയം നിര്‍മിച്ചത് അഭിനന്ദനീയമാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. മൂന്നാറില്‍നിന്ന് വനത്തിലൂടെ കിലോമീറ്ററുകളോളം കാല്‍നടയായി ഇടമലക്കുടിലത്തെിയ വിദ്യാര്‍ഥികള്‍ ശൗചാലയത്തിനായി 17 കുഴികളാണ് നിര്‍മിച്ചു നല്‍കിയത്.
കോളജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ ആര്‍. അനീഷ്, ജോബിന്‍ വര്‍ഗീസ്, അധ്യാപകന്‍ അനിത് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പെണ്‍കുട്ടികളടക്കം 30ഓളം പേരുണ്ടായിരുന്നു. പൂജാവധിയില്‍ നാലു ദിവസം താമസിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രിയുടെ അഭിനന്ദനം അപ്രതീക്ഷിതമായ അംഗീകാരമാണെന്നും സംഘാംഗങ്ങള്‍ ആവേശത്തോടെയാണ് ഇതിനെ സ്വീകരിച്ചതെന്നും അനീഷും ജോബിന്‍ വര്‍ഗീസും പറഞ്ഞു.
അതേസമയം, സംഘാംഗങ്ങള്‍ പലരും പ്രധാനമന്ത്രിയുടെ അഭിനന്ദനത്തെക്കുറിച്ച് അറിഞ്ഞത് ഞായറാഴ്ച വളരെ വൈകിയാണ്. അറിഞ്ഞവര്‍ മറ്റുള്ളവരെ ഫോണ്‍ വിളിച്ച് സന്തോഷ വാര്‍ത്ത കൈമാറുകയായിരുന്നു.
വിദ്യാര്‍ഥികളെ സമൂഹികസേവനം പഠിപ്പിക്കാന്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു പ്രവര്‍ത്തനം ഏറ്റെടുക്കാറുണ്ട്. ഇതിന്‍െറ ഭാഗമായിരുന്നു ഇടമലക്കുടിയിലെ ശൗചാലയ നിര്‍മാണം. സര്‍ക്കാറിന്‍െറ സമ്പൂര്‍ണ വെളിയിട വിസര്‍ജനമുക്ത (ഒ.ഡി.എഫ്) പദ്ധതിയുടെ ഭാഗമായാണ് ശൗചാലയങ്ങള്‍ നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.